കെ.എസ്.യു പ്രവർത്തകയെ പൊലീസ് അപമാനിച്ചതിൽ അന്വേഷണം
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ കെ.എസ്.യു പ്രവർത്തക മിവ ജോളിയെ പുരുഷ പൊലീസ് കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊച്ചി ഡി.സി.പി നിർദ്ദേശിച്ചു. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയെ തുടർന്നാണിത്. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊലീസ് മേധാവിക്ക് കത്ത് നൽകി.
ശനിയാഴ്ച കളമശേരി ഡെക്കാത്ത്ലൺ ഷോറൂമിന് സമീപം നടന്ന സംഭവം ദൃശ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതോടെ പൊലീസ് പ്രതിരോധത്തിലായി. അപ്രതീക്ഷിതമായി ഉണ്ടായ പ്രതിഷേധത്തെ നേരിടാൻ അവിടെ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. പുരുഷ പൊലീസ് ദേഹത്ത് പിടിച്ച് വലിച്ചെന്നും തല്ലിയും തലയ്ക്കടിച്ചുമാണ് വാഹനത്തിൽ കയറ്റിയതെന്നും 'പോടീ' എന്ന് വിളിച്ച് ആക്രോശിച്ചെന്നും മിവ ആരോപിച്ചു.
കളമശേരി ഇൻസ്പെക്ടർ അസഭ്യം പറഞ്ഞു. മോശമായി പെരുമാറി. പുരുഷ പൊലീസാണ് എന്നെ പിടിച്ചുമാറ്റാൻ എത്തിയത്. കോളറിൽ കയറിപ്പിടിച്ചു. അറസ്റ്റുചെയ്ത് നീക്കുന്ന സമയത്ത് വനിതാ പൊലീസ് എത്തിയിട്ടും ഇൻസ്പെക്ടർ അനാവശ്യമായി ഇടപെട്ടു. തലയിൽ കുത്തിപ്പിടിച്ച് മുടിയിൽ പിടിച്ച് വലിച്ചു. തലയിൽ പിടിച്ച് അമർത്തിയാണ് വാഹനത്തിലേക്ക് കയറ്റിയതെന്നും മിവ പറഞ്ഞു. തേവയ്ക്കൽ സ്വദേശിയായ മിവ കാലടി ശ്രീശങ്കര കോളേജിലെ ബി.എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ബി.ടെക് കഴിഞ്ഞ ശേഷമാണ് ബി.എയ്ക്ക് ചേർന്നത്.
'' സമരം ചെയ്യുന്ന ഞങ്ങളുടെ പെൺകുട്ടികളെ പുരുഷ പൊലീസ് ആക്രമിച്ചാൽ കൈയുംകെട്ടി നോക്കിയിരിക്കില്ല.
വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്