അദാനി-മോദി ബന്ധം: രാഹുലിന് നോട്ടീസ്

Monday 13 February 2023 8:05 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യവസായി ഗൗതം അദാനിയും തമ്മിൽ ബന്ധം ആരോപിച്ച പ്രസംഗത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസ്.

അടിസ്ഥാനരഹിതമായ ആരോപണമാണ് രാഹുൽ ഉന്നയിച്ചതെന്ന് കാട്ടി ബി.ജെ.പി അംഗം നിഷികാന്ത് ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ബുധനാഴ്‌ചയ്‌ക്കകം മറുപടി നൽകണം.

രാഹുലിന്റെ പരാമർശം അവഹേളനവും തെറ്റിദ്ധാരണാജനകവുമാണെന്ന് സ്പീക്കർ ഓം ബിർളയ്ക്ക് നൽകിയ പരാതിയിൽ ദുബെ ആരോപിച്ചിരുന്നു. രാഹുലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസും നൽകി. മോദിക്കെതിരായ ആരോപണങ്ങൾക്ക് തെളിവില്ലെന്നും സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയതിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഹുലിന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്.