'കാട്ടാനയെ ഉണ്ടാക്കിയത് പിണറായി അല്ല, ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപ്പിക്കാം': പതിവ് ശൈലിയിൽ എം എം മണി
ഇടുക്കി: കാട്ടാനകളുടെ ശല്യത്തിനെതിരെയുള്ള കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം എം മണി എം എൽ എ. 'കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല, ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപ്പിക്കാം. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല'- എന്നായിരുന്നു മണി പറഞ്ഞത്.
കാട്ടാന ശല്യത്തിനെതിരെ പൂപ്പാറയിൽ ഡി സി സി ജനറൽ സെക്രട്ടറി എം പി.ജോസ് അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നത് വൈകിയാൽ മൂന്നാർ ഡി എഫ് ഒ ഓഫീസിന് മുന്നിലേക്ക് നിരാഹാര സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡ ന്റ് കെ എസ് അരുൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആന ശല്യത്തിനെതിരെ കെ എസ് അരുൺ ആരംഭിച്ച നിരാഹാര സമരമാണ് ഡി സി സി ജനറൽ സെക്രട്ടറി ഏറ്റെടുത്തത്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ സമരം തുടരാനാണ് കോൺഗ്രസ് തീരുമാനം.