തത്തേങ്ങലത്ത് പുലിക്കൂട് സ്ഥാപിക്കും

Tuesday 14 February 2023 12:11 AM IST
മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസിൽ ചേർന്ന യോഗത്തിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ സംസാരിക്കുന്നു.

മണ്ണാർക്കാട്: തത്തേങ്ങലത്ത് ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി വിഹരിക്കുന്ന പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കും. എൻ.ഷംസുദ്ദീൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പരിഹാര നടപടി ആലോചിക്കുന്നതിന് യോഗം ചേർന്നത്.

കൂട് സ്ഥാപിക്കാനുള്ള നടപടി ഡി.എഫ്.ഒ സ്വീകരിക്കും. വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളിൽ വാട്സ് ആപ്പ് മുഖേന മുന്നറിയിപ്പ് നൽകും. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലെ അടിക്കാട് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് വെട്ടിനീക്കും. ഇതിന് അതത് പഞ്ചായത്തുകൾ മുൻകൈ എടുക്കും. ആനയിറങ്ങുന്നത് ഒഴിവാക്കാൻ ചക്ക പോലുള്ള പഴവർഗങ്ങൾ പഴുക്കുന്നതിന് മുമ്പേ പറിച്ചെടുക്കണം. തത്തേങ്ങലം, കണ്ടമംഗലം, പൊതുവപ്പാടം, അലനല്ലൂർ, എടത്തനാട്ടുകര തുടങ്ങിയ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന് തദ്ദേശ ജനപ്രതിനിധികൾ പറഞ്ഞു. റെയ്ഞ്ച് ഓഫീസർ എ.സുബൈർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ലക്ഷ്മീദേവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാനായി പതിമുഖം, കള്ളിമുൾച്ചെടി എന്നിവ വച്ചുപിടിപ്പിക്കും. സർക്കാർ തലത്തിൽ നിന്ന് ഇതിനായി ഫണ്ട് കണ്ടെത്താൻ പദ്ധതി സമർപ്പിക്കും.

-എൻ.ഷംസുദ്ദീൻ എം.എൽ.എ

വനം വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ രാത്രി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കൂട് സ്ഥാപിക്കും.

-എം.കെ.സുർജിത്,​ ഡി.എഫ്.ഒ.