ഫ്ലോറി വില്ലേജിന് തുടക്കം, ഇലയഴകായി കൊടുമൺ
പത്തനംതിട്ട : ഇലകളുടെ അഴകിനെ ഫ്ലോറി വില്ലേജിലൂടെ വരുമാനമാക്കാൻ ഒരുങ്ങുകയാണ് കൊടുമണ്ണിലെ കർഷകർ. കൊടുമൺ കൃഷിഭവനും ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും ചേർന്നൊരുക്കുന്ന പദ്ധതിയാണ് ഫ്ലോറി വില്ലേജ്. പൂർണമായി കയറ്റുമതി ലക്ഷ്യമാക്കി ആരംഭിക്കുന്ന പദ്ധതിയിൽ അലങ്കാര ഇലകളാണ് ആദ്യ പരീക്ഷണം. ഇത്തരത്തിലുള്ള കൃഷിക്കായി 50 കർഷകരെ തിരഞ്ഞെടുത്ത് പരിശീലനം തുടങ്ങി. 100 ശതമാനം സബ്‌സിഡിയിൽ നടീൽ വസ്തുക്കളും 50 ശതമാനം സബ്‌സിഡി നിരക്കിൽ വളങ്ങളും കർഷകർക്ക് ലഭ്യമാക്കും. രണ്ടാംഘട്ടമെന്ന നിലയിൽ പൂക്കളായ താമര, ആന്തൂറിയം, ഓർക്കിഡ് തുടങ്ങിയ കൃഷികളും ആരംഭിക്കും. ദേശീയ - അന്തർ ദേശീയ വിപണികളിൽ ഏറെ ആവശ്യമുള്ള അലങ്കാര ചെടികൾ , പുഷ്പങ്ങൾ, ഓർക്കിഡുകൾ എന്നിവയുടെ ഉൽപാദനവും സംഭരണവും വിപണനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇടവിളയായി കൃഷി ചെയ്യുന്ന രീതിയാണ് നടപ്പാക്കുന്നത്. സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടുകൂടിയാണ് പദ്ധതി. കർഷകരുടെ 50 ഗ്രൂപ്പുകളാണ് കൃഷി ചെയ്യുന്നത്. റബർ കൃഷിക്ക് ഇടയിൽ കൃഷി ചെയ്യാവുന്ന ഡ്രസീനിയ മെസഞ്ചിയാന എന്ന അലങ്കാരച്ചെടി കൂടുതലായി കൃഷി ചെയ്യാനാണ് തീരുമാനം. എട്ട് മാസം കൊണ്ട് ഇലകൾ വിൽപനയ്ക്ക് നൽകാം.
പ്രധാന സ്ഥലങ്ങളിൽ ഇത്തരം ഇലകളും പൂക്കളും വിതരണം ചെയ്യുന്ന കമ്പനികളുമായി ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി കരാർ ഉറപ്പിച്ച ശേഷമാണ് കൃഷി ആരംഭിക്കുന്നത്.
താൽപര്യമുള്ള കർഷകർക്ക് ഇനിയും പേര് നൽകി പദ്ധതിയിൽ പങ്കാളികളാകാം. കൊടുമൺ കൃഷി വകുപ്പിന്റെ അധീനതയിൽ 257 കർഷകർ നിലവിലുണ്ട്.
ബൊക്ക, അലങ്കാര വസ്തുക്കൾ എന്നിവ നിർമിക്കാൻ സ്ത്രീകൾ അടക്കമുള്ള ഗ്രൂപ്പുകൾക്ക് കൃഷി വകുപ്പ് പരിശീലനവും നൽകുന്നുണ്ട്. പട്ടികജാതി വിഭാഗക്കാർക്ക് നൂറ് ശതമാനം സബ്സിഡിയിലാണ് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നത്.
ഗുണങ്ങൾ
1.റബറിന്റെ മികച്ച ഇടവിളയായി കൃഷി ചെയ്യാം.
2.ഏക്കറിന് 25000 രൂപയോളം അധിക വരുമാനം ലഭ്യമാക്കും.
3.അന്തർദേശിയ വിപണി സാദ്ധ്യത ലക്ഷ്യമിടും.
4.കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാം.
5. തരിശ് ഭൂമികളിലും കൃഷി ചെയ്യാം.
50 കർഷകർക്ക് പരിശീലനം തുടങ്ങി
"ആദ്യഘട്ടത്തിൽ റബറിന് ഇടവിളയായി കൃഷി ചെയ്യാവുന്ന അലങ്കാരച്ചെടിയായ ഡ്രസീനിയ മെസൻജിയാന 12,000 എണ്ണമാണ് 75 ശതമാന നിരക്കിൽ കർഷകർക്ക് നൽകുന്നത്. പട്ടികജാതി വിഭാഗക്കാർക്ക് നൂറ് ശതമാനം സബ്സിഡിയിലാണ് നടീൽ വസ്തുക്കളുടെ വിതരണം.
ആദില,
കൊടുമൺ കൃഷി ഓഫീസർ