കുടുംബശ്രീ കാന്റീൻ അടഞ്ഞു തന്നെ
താഴുവീണിട്ട് 10മാസം
കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ കാന്റീൻ അടച്ചിട്ട് പത്തുമാസം. ഭക്ഷണമില്ലാതെ വലഞ്ഞ് ജീവനക്കാർ. കാന്റീന് സമീപമുള്ള ഓവുചാലിൽനിന്നുള്ള മലിനജലം സമീപത്തെ വീടുകളിലേക്കും ജലസ്രോതസുകളിലേക്കും ഒഴുകിയെത്തുന്നുവെന്ന് നാട്ടുകാർ കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ മേയിൽ കാന്റീൻ താത്കാലികമായി അടച്ചുപൂട്ടിയത്. പാത്രം കഴുകുന്ന വെള്ളത്താൽ ആഴമില്ലാത്ത ടാങ്ക് നിറഞ്ഞുകവിയുന്നതായിരുന്നു പ്രശ്നം. എന്നാൽ മാസം പത്ത് കഴിഞ്ഞിട്ടും കാന്റീൻ തുറക്കാൻ നടപടികളൊന്നുമായിട്ടില്ല.
പ്രശ്നമുണ്ടായ സാഹചര്യത്തിൽ ടാങ്കിലെ വെള്ളം മാറ്റുന്നതിനുള്ള കരാർ നൽകിയിരുന്നു. വെള്ളം നിറയുന്ന ദിവസങ്ങളിൽ തന്നെ മാറ്റുകയും ചെയ്തു. 15000 രൂപയായിരുന്നു ഇതിന് നൽകേണ്ടത്. പണം അടച്ചശേഷം എൻജിനീയർമാർ സന്ദർശിച്ച് ടാങ്കിന് ആഴം കൂട്ടാൻ പറ്റില്ലെന്നറിയിച്ചിരുന്നു. ഇതിന് പരിഹാരമായി സമീപത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പോലുള്ള സൗകര്യങ്ങൾ ഒരുക്കി മലിനജലം ഒഴുക്കിവിടാനായിരുന്നു ജില്ലാപഞ്ചായത്ത്, പ്ലാനിംഗ് അധികൃർ തീരുമാനിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ അതിനുള്ള ഫണ്ട് ശുചിത്വ മിഷൻ അനുവദിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ ഫണ്ടില്ലാത്തതിനാൽ പദ്ധതി നീളുകയായിരുന്നു. ഇതോടെ സിവിൽ സ്റ്റേഷനിലെത്തുന്ന ജീവനക്കാർ ഉച്ച ഭക്ഷണം കിട്ടാതെ വലയുകയാണ്. കോമ്പൗണ്ടിലാണെങ്കിൽ മറ്റ് കാന്റീനുകളും പ്രവർത്തിക്കുന്നില്ല.
ജീവനക്കാർക്ക് 25 രൂപ നിരക്കിലും പുറത്ത് നിന്നുള്ളവർക്ക് 40 രൂപ നിരക്കിലുമായിരുന്നു ഇവിടെ നിന്ന് ഭക്ഷണം നൽകിയിരുന്നത്. സിവിൽ സ്റ്റേഷനിലെ ആയിരത്തിലധികം ജീവനക്കാരാണ് സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നത്. ഇവർക്ക് വലിയൊരാശ്വാസമായിരുന്നു ഈ കാന്റീൻ.
കുടുംബശ്രീയുടെ നേതൃത്വത്തിൽ പട്ടികജാതിക്കാരായ പത്ത് വനിതകൾ ചേർന്ന് 2018 ആഗസ്റ്റ് 1നാണ് ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ വാടകയ്ക്ക് കാന്റീൻ ആരംഭിച്ചത്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും മിതമായ വിലയിൽ മായമില്ലാത്ത ഭക്ഷണം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗത്താണെങ്കിലും ഈ കെട്ടിടത്തിന് കോർപ്പറേഷനിൽ നിന്നും കഴിഞ്ഞ നാല് വർഷമായിട്ടും ലൈസൻസ് കിട്ടിയിട്ടില്ല.
'' കാന്റീൻ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് യോഗം നടക്കുന്നുണ്ട്. ഹോട്ടലിൽ നിന്ന് പാർസൽ നൽകുന്നതടക്കമുള്ള ചർച്ചകൾ യോഗത്തിലുണ്ടാവും. '-
ശ്രീഹരി,
കുടുംബശ്രീ പ്രോഗ്രാം മാനേജർ