പി.എസ്.സി പരീക്ഷാ ക്രമക്കേട് : എസ്.എഫ്.ഐ നേതാക്കൾക്കെതിരെ നാല് വർഷമായിട്ടും കുറ്റപത്രമില്ല

Tuesday 14 February 2023 12:50 AM IST

തിരുവനന്തപുരം: യൂണിവേഴ്സി​റ്റി കോളേജിലെ എസ്.എഫ്‌.ഐ നേതാക്കൾ പ്രതികളായ പി.എസ്.സി പരീക്ഷ കോപ്പിയടി കേസിൽ നാലു വർഷം കഴിഞ്ഞിട്ടും കു​റ്റപത്രം നൽകാതെ ക്രൈംബ്രാഞ്ച്.

കോപ്പിടയിക്കാൻ പ്രതികൾ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിച്ചില്ലെന്ന കാരണമാണ് ഏറെക്കാലം ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. ഫലം കിട്ടിയിട്ടും കുറ്റപത്രമില്ല. അന്വേഷണ സംഘം കൂടുതൽ കേസുകളുടെ തിരിക്കിലാണെന്നാണ് പുതിയ ന്യായം. കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടും നേതാക്കൾക്കെതിരെ കുറ്റപത്രമില്ല. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി വിലസുന്നു. 2018 ആഗസ്റ്റിലായിരുന്നു തട്ടിപ്പ്.

ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് കോപ്പിയടിയിലൂടെ കോൺസ്റ്റബിൾ പി.എസ്‌.സി റാങ്ക് ലിസ്​റ്റിൽ ഇടം പിടിച്ചത്. ശിവരഞ്ജിത്ത് ഒന്നും, പ്രണവ് രണ്ടും, നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയിൽ നിന്ന് പുറത്താക്കി.ചോദ്യപേപ്പറുമായി ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഒരു ചോദ്യത്തിനു പോലും ഉത്തരം പറയാൻ കഴിയാതായ പ്രതികൾ കോപ്പിയടി സമ്മതിക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാലാം ബ​റ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്​റ്റിലാണ് 78.33 മാർക്കോടെ ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. സ്‌പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി.

നസീമും ശിവരഞ്ജിത്തുമായി അടുപ്പമുള്ള കോളേജ് ജീവനക്കാരാണ് വാട്സ്ആപ്പിൽ പുറത്തേക്ക് ചോർത്തിയത്. നാല് സീരീസുകളിലുള്ള ഉത്തരക്കടലാസുകൾ ഉണ്ടാവുമെന്നതിനാൽ നാലു പേരെ ഉത്തരം എസ്.എം.എസായി അയയ്ക്കാനും ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും മൂന്ന് സെന്ററുകളിലായി പരീക്ഷയെഴുതിയ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ബി-സീരീസിലുള്ള ഒരേ ചോദ്യപേപ്പറാണ് ലഭിച്ചത്. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ വി.എം.ഗോകുൽ, വി.എസ്.എസ്.സിയിൽ കരാർ ജീവനക്കാരനായ നെടുമങ്ങാട് കല്ലറ വട്ടക്കരിക്കകം പറിങ്കിമാംവിള വീട്ടിൽ ദാവീദിന്റെ മകൻ ഡി.സഫീർ എന്നിവർക്ക് പുറമെ, പ്രണവിന്റെ ഉറ്റബന്ധുവായ യുവതിയെയും മറ്റൊരു സുഹൃത്തിനെയും എസ്.എം.എസ് അയയ്ക്കാൻ ചുമതലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96ഉം പ്രണവിന്റെ ഫോണിലേക്ക് 78ഉം സന്ദേശങ്ങളെത്തിയതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചയിൽ പങ്കുള്ള മറ്റ് രണ്ട് പൊലീസുകാരെയും പരീക്ഷാ ഹാളിൽ ഡ്യൂട്ടിയുണ്ടായിരുന്നവരെയും ക്രിമിനൽ കേസിൽ നിന്നൊഴിവാക്കി വകുപ്പുതല നടപടിയിലൊതുക്കി .