മുഖ്യമന്ത്രി കേരള ജനതയ്ക്ക് പൊതുശല്യം: കെ.സുധാകരൻ

Tuesday 14 February 2023 12:45 AM IST

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം പോലും സഹിഷ്ണുതയോടെ നേരിടാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളെ സുഖിപ്പിക്കാൻ മൈക്കിന് മുന്നിൽ വീരവാദം മുഴക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസ് അകമ്പടിയില്ലാതെ പുറത്തിറങ്ങാൻ കഴിയില്ലെന്നത് നാണക്കേടാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് അദ്ദേഹം കശാപ്പ് ചെയ്യുന്നത്. നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല.

മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ജില്ലകളിൽ യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും സംഘടനാ സമ്മേളനം നടത്താനോ കറുത്ത ഉടുപ്പ് ധരിക്കാനോ സാധിക്കാത്ത ഭീകരാന്തരീക്ഷമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തേടിപ്പിടിച്ച് കരുതൽ തടങ്കലിലാക്കുന്നു. അടിയന്താരവസ്ഥയിൽ പോലും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇത്.

മുഖ്യമന്ത്രിക്ക് വേണ്ടി വിടുവേല ചെയ്യുന്ന പൊലീസ് എല്ലാ സീമകളും ലംഘിക്കുന്നു. കെ.എസ്.യു പ്രവർത്തകയെ കയറിപ്പിടിച്ച പുരുഷ പൊലീസിനെ സംരക്ഷിക്കുകയാണ്. ഇത് തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയലാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിലടച്ച് ഭയപ്പെടുത്താമെന്ന മൗഢ്യം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നതാണ് ഉചിതം. കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിടാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസ് സജ്ജമാണ്.