നടിക്കേസ് തീരാത്തതിൽ സുപ്രീംകോടതിക്ക് അതൃപ്തി

Tuesday 14 February 2023 12:48 AM IST

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്നതിൽ രൂക്ഷമായ അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഒരിക്കൽ വിസ്‌തരിച്ചവരുടെയും പുതിയ സാക്ഷികളുടെയും മൊഴിയെടുക്കൽ അവസാനിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് നിലപാട് കടുപ്പിച്ചത്. വിചാരണ നീളുന്നതിൽ പ്രോസിക്യൂഷന്റെ വിശദീകരണം ആവശ്യപ്പെട്ടു. പ്രതിയായ നടൻ ദിലീപിന്റെ എതിർപ്പ് രേഖാമൂലം എഴുതി സമ‌ർപ്പിക്കാനും നിർദേശിച്ചു.

വിചാരണകോടതിക്ക് സമയം നീട്ടിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. വിചാരണ നീളുന്നതിനെ ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി എതിർത്തു. 41 സാക്ഷികളെക്കൂടി വിസ്‌തരിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. പലരുടെയും മൊഴി നേരത്തേ രേഖപ്പെടുത്തിയതാണ്. അവസാന നിമിഷം പുതിയ സാക്ഷികളെ കൊണ്ടുവരുന്നു. പ്രോസിക്യൂഷന്റെ ഇത്തരം നടപടികൾ അനുവദിക്കരുതെന്ന് റോത്തഗി ആവശ്യപ്പെട്ടു.

ഇതോടെയാണ് വിചാരണ നീണ്ടുപോകുന്നതിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചത്. സാക്ഷികളെ ഇനിയും വിസ്‌തരിക്കുന്നതിന്റെ ആവശ്യമെന്താണെന്നും ഉദ്ദേശ്യമെന്താണെന്നും പ്രോസിക്യൂഷൻ ബോധ്യപ്പെടുത്തണം. വിഷയം വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.