ആത്മഹത്യകൾക്ക് കാരണം തെറ്റായ നയങ്ങൾ: സുരേന്ദ്രൻ

Tuesday 14 February 2023 12:52 AM IST

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം കേരളത്തിൽ ആത്മഹത്യ പെരുകുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരകും ആത്മഹത്യ ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടി മധു കേസിൽ നടന്നത് തന്നെയാണ് വയനാട് സ്വദേശി വിശ്വനാഥന്റെ ആത്മഹത്യയിലും നടന്നത്. അന്വേഷണം പ്രഖ്യാപിച്ചെന്ന് പൊലീസ് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. സാക്ഷരതാ പ്രേരകിന്റെ കുടുംബത്തിനും വിശ്വനാഥന്റെ കുടുംബത്തിനും 50 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ പ്രഖ്യാപിക്കണം. തുർക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്പ് സ്വന്തം നാട്ടുകാരുടെ കാര്യം സർക്കാർ നോക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിന് അർഹമായ തുക ലഭിക്കാനുണ്ടെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്. കേരളത്തിലെ എം.പിമാർ എന്തുകൊണ്ട് പാർലമെന്റിൽ പ്രതികരിക്കുന്നില്ല. സംസ്ഥാനത്തിന്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ ദില്ലിയിൽ പോയി സമരം ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.