ഒഴിവുകൾ 1380, സി.പി.ഒ റാങ്ക് ലിസ്റ്റ് ഇപ്പോഴും ഫ്രീസറിൽ
തിരുവനന്തപുരം: കോപ്പിയടിയിലൂടെ വിവാദത്തിലായ സിവിൽ പൊലീസ് ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച് രണ്ടര വർഷമായിട്ടും പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ പി.എസ്.സി. ഏഴ് ബറ്റാലിയനുകളിലായി 1,380 ഒഴിവുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തത്. ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാൽ സ്റ്റേഷനുകളുടെ ഉൾപ്പെടെ പ്രവർത്തനം താളം തെറ്രുമ്പോഴാണിത്. ലിസ്റ്റ് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കും ആശങ്ക.
2020 ജൂൺ 30നാണ് മുൻ ലിസ്റ്റ് റദ്ദായത്. അതിനുമുമ്പ് 2019 ഡിസംബർ 31ന് പുതിയതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കുശേഷം ഒക്ടോബർ- നവംബർ മാസങ്ങളിലായി കായികക്ഷമത പരീക്ഷയും നടത്തി. എന്നാൽ, ചുരുക്കപ്പട്ടികയിലുള്ളവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അതുകഴിഞ്ഞ ശേഷമാകും റാങ്ക് ലിസ്റ്ര് പ്രസിദ്ധീകരിക്കുക.
മുൻ ലിസ്റ്റിൽ നിന്ന് 5,609 പേർക്കാണ് നിയമനം നൽകിയത്. കോപ്പിയടി വിവാദത്തെത്തുടർന്ന് നടപടി നിറുത്തിവച്ചതിനാൽ ഏറെ വൈകിയാണ് ഈ ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ആരംഭിച്ചത്. മതിയായ നിയമനം നടത്തിയില്ലെന്ന പരാതി ഉയർന്നതോടെ 2021 ഡിസംബർ വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ കൂടി കണക്കാക്കി നിയമന ശുപാർശ നൽകിയിരുന്നു.
അതിനാൽ പുതിയ റാങ്ക് ലിസ്റ്റ് വന്നാലും മതിയായ നിയമനം ഉണ്ടാകാനിടയില്ലെന്ന വിലയിരുത്തലുണ്ട്. എന്നാൽ, നേരത്തെ നടത്തിയതുപോലെ പ്രതീക്ഷിത ഒഴിവുകൾകൂടി കണക്കാക്കി നിയമനം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
പുതിയ വിജ്ഞാപനം
നിലവിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കിലും സി.പി.ഒ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പി.എസ്.സി അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. ഇതിന്റെ നടപടിക്രമങ്ങൾ നടക്കുന്നതിനിടെ നിലവിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതിന്റെ കാലാവധി കഴിഞ്ഞശേഷമേ അടുത്ത ലിസ്റ്റ് നിലവിൽ വരൂ. പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഒഴിവാക്കി മുമ്പുണ്ടായിരുന്നതുപോലെ ഒരു പരീക്ഷ മാത്രമാകും ഇനി നടത്തുക എന്നും സൂചനയുണ്ട്.