കാവുണർന്നു; അടവി ആവേശത്തിൽ കുരമ്പാല

Tuesday 14 February 2023 12:59 AM IST

പന്തളം :​ അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന അടവി മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ ചൂട്ടുവെപ്പ് കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ നടന്നു. നാടുകാണാൻ ഇറങ്ങിയ ദേവി തിരിച്ച് ഇന്നലെ രാത്രി അകത്തെഴുന്നെള്ളിയ നേരമാണ് പടയണിക്ക് ചൂട്ടുവച്ചത്. പുത്തൻകാവിലമ്മ സന്തോഷവതിയായി നാടുകണ്ട് തിരിച്ചെത്തി കരവാസികളുടെ ഇല്ലായ്മകളും വല്ലായ്മകളും മനസിലാക്കി അകത്ത് എഴുന്നള്ളിയ വേളയിൽ ആയിരുന്നു ചൂട്ടുവയ്പ്പ്. കരക്കാർ ആർപ്പ് വിളികളും വായ് കുരവകളുമായാണ് കരദേവതയെ സ്വീകരിച്ചത്. മേൽശാന്തി ക്ഷേത്രസന്നിധിയിൽ നിന്ന് കത്തിച്ച് നൽകിയ ചൂട്ട് ഊരായ്മക്കാരനെ ഏൽപ്പിക്കുകയും കാവുചുറ്റി നിശ്ചിത സ്ഥലത്ത് വയ്ക്കക്കുകയുമായിരുന്നു. ഇനി അങ്ങോട്ട്​ കുരമ്പാലക്കാർക്ക് ഉറക്കം ഇല്ലാരാവുകൾ ആണ്. ചൂട്ടുവയ്പ്പ് പത്ത് ദിവസം തുടരും. ചൂട്ടുവയ്പ്പ് കഴിഞ്ഞ് രാത്രി ഏഴര നാഴിക ഇരുട്ടിയാൽ ക്ഷേത്രമതിലിന് അകത്തുപോലും പ്രവേശിക്കരുത് എന്നാണ് ഇവിടുത്തെ വിശ്വാസം. 23ന് രാത്രി കുരമ്പാല പടയണിക്ക് തുടക്കമാകും. മാർച്ച് 3 നാണ് ചൂരൽ ഉരുളിച്ച.