അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Tuesday 14 February 2023 12:01 AM IST
കോഴിക്കോട്: വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും കേരളത്തിലെ ജനങ്ങളെയും അമിത് ഷാ അപമാനിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന പരിപാലനത്തിലും മതസൗഹാർദ്ദത്തിലും കേരളം ഒന്നാമതാണ്. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം കേരളം മുന്നോട്ടുപോവുകയാണ്. കേരളത്തിലെ സർക്കാരും കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും കേരളത്തിലെ ജനങ്ങളാകെയും ഒരുമിച്ച് നിന്നതിന്റെ നേട്ടമാണിത്. കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്ന പ്രസ്താവന തിരുത്തണമെന്നും അമിത്ഷാ മാപ്പ് പറയാൻ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. യു.ഡി.എഫും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും നിലപാട് വ്യക്തമാക്കണം. കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാരായതിനാൽ യു.ഡി.എഫ് നേതൃത്വം മൗനം പാലിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.