വിനോദയാത്ര: ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉടൻ

Tuesday 14 February 2023 12:02 AM IST

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ നിന്ന് കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിനും വാട്സാപ്പ് സന്ദേശത്തിലൂടെ ജനീഷ് കുമാർ എം.എൽ.എയെ അധിക്ഷേപിച്ചതിനും തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാരും അടക്കം ഏതാനും ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാദ്ധ്യതയേറി. കൂട്ട അവധിയെടുത്തും ചിലർ രേഖാമൂലം അവധിയെടുക്കാതെയും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയത് ഓഫീസ് പ്രവർത്തനത്തെ ബാധിച്ചെന്നും പൊതുജനങ്ങൾ ബുദ്ധിമുട്ടിയെന്നും എ.ഡി.എമ്മിന്റെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോർട്ട് കൂടി ലഭിച്ചാൽ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് എം.എൽ.എ. ആവശ്യം അദ്ദേഹം റവന്യു മന്ത്രിയെയും അറിയിച്ചിട്ടുണ്ട്.

ജീവനക്കാർ ഇന്നലെ ജോലിക്ക് ഹാജരായി. പ്രതിഷേധമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഓഫീസിൽ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബാരിക്കേഡുകൾ ഒരുക്കിയിരുന്നു. തഹസിൽദാർ എൽ. കുഞ്ഞച്ചൻ നേരത്തെ ഓഫീസിലെത്തി. കോന്നി ഡിവൈ എസ്. പി കെ. ബൈജുകുമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 61 ജീവനക്കാരിൽ 53 പേരാണ് ഇന്നലെ ഓഫീസിലെത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന ഹാജരാണിത്. ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് വി.എ സൂരജ് ഉദ്ഘാടനം ചെയ്തു.

നിയമന വിവാദം:

3 പേരെ സ്ഥലംമാറ്റി

കോന്നി താലൂക്ക് ഓഫീസ് വിവാദം മുറുകുന്നതിനിടെ, പുതിയ നിയമനവുമായി ബന്ധപ്പെട്ട് പൂഴ്ത്തിവച്ചിരുന്ന റിപ്പോർട്ടിൻമേൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി.

എൽ.ഡി ക്ളാർക്ക് നിയമന ഉത്തരവ് ജില്ലാ കളക്ടർ ഒപ്പിട്ട് അയയ്ക്കുന്നതിന് മുമ്പ് വാട്സാപ്പ് വഴി കൈമാറി നിയമനം നടത്തിയ സംഭവത്തിലാണ് നടപടി ഉണ്ടായത്. അടൂർ തഹസിൽദാറെയും കളക്ടറേറ്റിലെ സീക്രട്ട് സെക്ഷനിലെ രണ്ട് വനിതാ ജീവനക്കാരെയുമാണ് സ്ഥലംമാറ്റിയത്. കോഴഞ്ചേരി തഹസിൽദാർക്ക് അടൂരിന്റെ ചുമതല നൽകി. നടപടി നേരിട്ട തഹസിൽദാർക്ക് പകരം നിയമനം നൽകിയിട്ടില്ല. വനിതാ ജീവനക്കാരിൽ ഒരാളെ പരിശോധനാ വിഭാഗത്തിലേക്കും മറ്റൊരാളെ ഫിനാൻസ് വിഭാഗത്തിലേക്കുമാണ് മാറ്റിയത്.

നവംബറിലാണ് ഉദ്യോഗസ്ഥർ നേരിട്ട് വാട്സാപ്പിലൂടെ നിയമന ഉത്തരവ് നൽകിയത്. എൻ.ജി.ഒ സംഘും എൻ.ജി.ഒ അസോസിയേഷനും നൽകിയ പരാതിയെ തുടർന്ന് തിരുവല്ല സബ് കളക്ടർ അന്വേഷണം നടത്തി ഡിസംബറിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ജോയിന്റ് കൗൺസിൽ ഭാരവാഹികളാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയെങ്കിലും നടപടിയെടുത്തില്ല.