ഇല്ലിത്തോട് സ്വദേശിക്ക് ഫ്രഞ്ചുകാരി ജീവിതസഖി
പെരുമ്പാവൂർ: മലയാറ്റൂർ-ഇല്ലിത്തോട് സ്വദേശിക്ക് ജീവിതസഖിയായി ഫ്രഞ്ച് യുവതി. ഇല്ലിത്തോട് പുല്ലൻ ജോസ് - ഷേർളി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനായ ഷെൽ ജോയാണ് ഫ്രഞ്ചുകാരി സ്‌കെമിറ്റിനെ ജീവിതത്തിലേക്ക് കൂട്ടിയത്.കേരളീയ ആചാരപ്രകാരം കഴിഞ്ഞ ഞായറാഴ്ച ഷെൽ ജോയുടെ വസതിയിൽ ഇരുവരും തമ്മിലെ വിവാഹം നടന്നു.
എട്ടുവർഷം മുമ്പ് യു.കെയിലെ അബ്ക്രോമിബു കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കുമ്പോഴാണ് അടുത്തു താമസിക്കുന്ന എറിക സ്‌കെമിറ്റുമായി ഷെൽ ജോ പരിചയപ്പെടുന്നത്. ഫ്രാൻസിലെ സ്റ്റെഫ് -കാതി ദമ്പതികളുടെ ഏകമകളായ എറിക സ്‌കോട്ട്ലൻഡിൽ ഇലക്ട്രോണിക് കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവാണ്.
കഴിഞ്ഞ ജൂലായിൽ ഷെൽ ജോയോട് എറിക കേരളം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് ആഗസ്റ്റിൽ ഇരുവരും കേരളത്തിലെത്തി. വിവിധ സ്ഥലങ്ങളിലും ഷെൽ ജോയുടെ ബന്ധുവീടുകളിലും മറ്റും സഞ്ചരിച്ച് എറിക കേരളത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞു. പര്യടനത്തിനൊടുവിൽ ഷെൽ ജോയുടെ വീട്ടിലെത്തിയപ്പോൾ ജോസിനോടും ഷെർളിയോടും തന്നെ മരുമകളായി സ്വീകരിക്കാമോയെന്ന് എറിക ചോദിച്ചു. ഷെൽ ജോയുടെ മാതാപിതാക്കൾ എറികയെ മരുമകളാക്കാൻ സമ്മതം മൂളുകയും ചെയ്തു.
തിരിച്ച് എറികാ യു.കെ.യിൽ മാൻജസ്റ്റമിനിൽ ചെന്ന് പപ്പയേയും, മമ്മിയേയും വിളിച്ച് തന്റെആഗ്രഹം അറിയിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും മകളുടെ നിർബന്ധത്തിനു വഴങ്ങി അവർ സമ്മതംമൂളി. തുടർന്ന് ഫ്രാൻസിലെ ഇടവകദേവാലയത്തിൽ ക്രിസ്ത്യൻ ആചാരപ്രകാരം ഷെൽ ജോയും എറികയും തമ്മിലെ വിവാഹം നടന്നു. കഴിഞ്ഞ ഞായറാഴ്ച മലയാറ്റൂർ ഇല്ലിത്തോട് ഷെൽ ജോയുടെ വസതിയിൽ ബന്ധുക്കളെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് കേരളീയ രീതിയിലും ചടങ്ങുകൾ നടത്തി. വിവാഹചടങ്ങിൽ പങ്കെടുക്കാൻ എറികയുടെ അടുത്ത ബന്ധുക്കളായ പത്തോളം പേർ ഫ്രാൻസിൽ നിന്നെത്തിയിരുന്നു.