ആദിവാസി യുവാവിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു
കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൾകൂട്ട വിചാരണയിൽ മനംനൊന്ത് ജീവനൊടുക്കിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട് രാഹുൽ ഗാന്ധി എം.പി സന്ദർശിച്ചു. കൽപ്പറ്റ അഡ് ലൈഡ് പാറവയൽ കോളനിയിലെത്തിയ അദ്ദേഹം ഭാര്യ ബിന്ദുവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. താൻ കൂടെയുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി ബന്ധുക്കളോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ ആശ്വാസമെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
ശനിയാഴ്ചയാണ് മെഡിക്കൽ കോളേജിന് സമീപം വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.എം.തൊടി മുജീബ് എന്നിവർ രാഹുൽഗാന്ധിക്കൊപ്പമുണ്ടായിരുന്നു.