പനിച്ചുവിറച്ചിട്ടും മരുന്ന് വാങ്ങാൻ വിട്ടില്ല, മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ കുഞ്ഞിനോട് പൊലീസ് ക്രൂരത
കാലടി: പനിച്ചുവിറയ്ക്കുന്ന കുഞ്ഞിന് മരുന്നുവാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ യുവാവിനെയും സഹോദരനെയും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ എസ്.ഐ തടഞ്ഞ് ഭീഷണിപ്പെടുത്തിയത് പൊലീസിനും സർക്കാരിനും നാണക്കേടായി.
ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് അങ്കമാലി - കാലടി എം.സി റോഡ് മറ്റൂർ ജംഗ്ഷനിൽ മുഖ്യമന്ത്രി കടന്നുപോകുന്നതിനു മുമ്പായിരുന്നു സംഭവം. മെഡിക്കൽ സ്റ്റോർ ഉടമയെയും എസ്.ഐ ഭീഷണിപ്പെടുത്തി.
കുട്ടിയുടെ പിതാവ് കോട്ടയം തിരുവഞ്ചൂർ ശാന്തി ഭവനിൽ ശരത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകി.
സൗദിയിൽ നഴ്സായ ഭാര്യ രേവതിയെ വിമാനത്താവളത്തിൽ വിട്ട് അനുജൻ ശ്യാമും പനിച്ച് അവശനായ നാലു വയസുകാരൻ മകനുമൊത്ത് മടങ്ങവേയാണ് മരുന്നുവാങ്ങാൻ കാർ നിറുത്തിയത്. കുഞ്ഞിനെയും തോളിലെടുത്ത് മെഡിക്കൽ ഷോപ്പിലേക്ക് കയറിയപ്പോൾ, കാർ ഇവിടെ നിറുത്തരുതെന്നു പറഞ്ഞ് സതീശൻ ക്ഷുഭിതനായി. മരുന്നു വാങ്ങാനാണെന്നും കുഞ്ഞിന് പനിയാണെന്നും പറഞ്ഞിട്ടും ഗൗനിച്ചില്ല.
യാത്ര തുടർന്ന ഇവർ ഒരു കിലോമീറ്ററോളം സഞ്ചരിച്ചിട്ടും മെഡിക്കൽ ഷോപ്പ് കാണാത്തതിനാൽ തിരികെ മറ്റൂരിലെത്തി. എതിരെയുള്ള ഹോട്ടലിന്റെ പാർക്കിംഗിൽ കാർ കയറ്റിയിട്ട് ശ്യാം മരുന്നുവാങ്ങി മടങ്ങവേ എസ്.ഐ തട്ടിക്കയറി. കുഞ്ഞുമായി ഇറങ്ങി വന്ന ശരത്തിനോടും കയർത്തു. കടയുടമ മത്തായി ഇടപെട്ടപ്പോൾ 'നിന്റെ കട പൂട്ടിക്കു'മെന്നായി ഭീഷണി.
പാമ്പാടിയിൽ എം. സാൻഡ് ബിസിനസാണ് ശരത്തിന്.
അങ്കമാലി മുന്നൂർപ്പിള്ളി സ്വദേശിയായ എസ്.ഐ മൂന്നര മാസം മുമ്പാണ് കാലടി സ്റ്റേഷനിലെത്തിയത്.
മനുഷ്യത്വമില്ലാതെയാണ് എസ്.ഐ പെരുമാറിയത്. മാതൃകാപരമായ നടപടിയാണ് വേണ്ടത്
എസ്.ശരത്, കുഞ്ഞിന്റെ പിതാവ്