ശബരിമല നടതുറന്നു, വൻതിരക്ക്

Tuesday 14 February 2023 1:35 AM IST

ശബരിമല: കുംഭമാസ പൂജകൾക്കായി നട തുറന്ന ഇന്നലെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് . പുലർച്ചെ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്. ഭക്തരുടെ നീണ്ടനിര താഴെ തിരുമുറ്റവും വലിയ നടപ്പന്തലും പിന്നിട്ട് ജ്യോതിർ നഗറിലേക്ക് നീണ്ടു. മകരവിളക്ക് കാലത്തെ തിരക്കായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. എങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയില്ല. മാളികപ്പുറത്തെ പ്രസാദ കൗണ്ടർ അടച്ചിട്ടതും സന്നിധാനത്തെ മുഴുവൻ കൗണ്ടറുകളും തുറക്കാതിരുന്നതും മൂലം അപ്പം, അരവണ പ്രസാദം വാങ്ങുന്നതിന് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നു.പമ്പയിലെ ജലനിരപ്പ് കുറഞ്ഞതും മണ്ഡല​മകരവിളക്ക് ഉത്സവത്തിന് ശേഷമുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതും തീർത്ഥാടർകർക്ക് ബുദ്ധിമുട്ടായി. ശരണപാതയിലെയും സന്നിധാനത്തെയും മാലിന്യവും പൂർണമായും നീക്കിയിരുന്നില്ല. നെയ്യഭിഷേകവും അഷ്ടാഭിഷേകവും കളഭാഭിഷേകവും പുഷ്പാഭിഷേകവും പടിപൂജയും മറ്റ് വിശേഷാൽ പൂജകളും ആരംഭിച്ചു. മാളികപ്പുറത്ത് ദീപാരാധനയ്ക്ക് ശേഷം ഭഗവതിസേവ നടന്നു. മാസ പൂജകൾ പൂർത്തിയാക്കി 17 ന് രാത്രി 10ന് നട അടയ്ക്കും,