ഹക്കീം യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി

Tuesday 14 February 2023 12:38 AM IST

മണ്ണാർക്കാട്: ഷാർജയിൽ പാക്കിസ്ഥാനിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട കാഞ്ഞിരപ്പുഴ കല്ലാംകുഴി പടലത്ത് ഹംസയുടെ മകൻ ഹക്കീം (30) യാത്രയാകുന്നത് സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി. തറവാടു വീട്ടിൽ താമസിക്കുമ്പോഴും സ്വന്തമായി വീട് വയ്ക്കുകയെന്നത് ഹക്കീമിന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനായി ചിറക്കൽപ്പടിയിൽ എട്ടുസെന്റ് ഭൂമി വാങ്ങുന്നതിനായി അഡ്വാൻസ് തുകയും നൽകിയിരുന്നു. ഇതിന്റെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നടപടിക്രമം പൂർത്തീകരിക്കാനിരിക്കവേയാണ് അപ്രതീക്ഷിത വിയോഗം.

രണ്ടുവർഷം മുമ്പാണ് ഹക്കീമിന്റെ മാതാവ് സക്കീന കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ ആഘാതത്തിൽ നിന്ന് കുടുംബം മുക്തരായി വരുന്നതിനിടെയാണ് ഹക്കീമിന്റെ മരണ വാർത്തയെത്തുന്നത്.

ഷാർജ ബുതീനയിൽ ഹൈപ്പർ മാർക്കറ്റ് മാനേജരായ ഹക്കീം ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിന് സമീപത്തെ കഫ്‌തീരിയയിൽ സഹപ്രവർത്തരും പാക്കിസ്ഥാൻകാരനും തമ്മിലുള്ള തർക്കം പരിക്കരിക്കാനെത്തിയതായിരുന്നു ഹക്കീം. പ്രതി കത്തിയെടുത്ത് വീശിയപ്പോഴാണ് ഹക്കീം കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് മലയാളികൾക്കും ഒരു ഈജിപ്തുകാരനും പരിക്കേറ്റിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഹക്കീമിന്റെ കുടുംബം ഷാർജയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.