വാഗമണ്ണിൽ വ്യാജ പട്ടയം നിർമ്മിച്ച് സർക്കാർ ഭൂമി വിറ്റയാൾ പിടിയിൽ
ഇടുക്കി: റവന്യൂ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ വാഗമണ്ണിൽ 3.30 ഏക്കർ സർക്കാർ ഭൂമി ആൾമാറാട്ടത്തിലൂടെ പട്ടയം സ്വന്തമാക്കി മറിച്ച് വിറ്റ കേസിലെ മുഖ്യപ്രതി വിജിലൻസ് പിടിയിൽ. വാഗമൺ റാണിമുടി എസ്റ്റേറ്റ് ഉടമ കൊയ്ക്കാരംപറമ്പിൽ ജോളി സ്റ്റീഫനെയാണ് (61) ബംഗളൂരുവിൽ നിന്ന് ഇടുക്കി വിജിലൻസ് സംഘം പിടികൂടിയത്.
വാഗമൺ വില്ലേജിലെ സർവേ നമ്പർ 724ൽപ്പെട്ട ഭൂമിയാണ് തട്ടിപ്പിലൂടെ പ്രതി സ്വന്തമാക്കി വിറ്റത്. ഇയാൾക്കും പിതാവിനുമായി ഇവിടെ 110 ഏക്കറിലധികം ഭൂമി കൈവശമുണ്ടായിരുന്നു. 1994ൽ പട്ടയമേള നടത്തിയപ്പോൾ അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാളുടെ ബന്ധുക്കളുടെ പേരിൽ അവരറിയാതെ മൂന്ന് മുതൽ നാല് ഏക്കർ വരെയുള്ള ഭൂമിക്ക് പട്ടയം സംഘടിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ 12 പേരുടെ പേരിലാണ് പട്ടയമുണ്ടാക്കിയത്. 2012ൽ ഇതിൽ ജെസി എന്നയാളുടെ പേരിലുള്ള 3.30 ഏക്കർ സ്ഥലത്തെ പട്ടയം ജോളി സ്വന്തം പേരിലേക്ക് മാറ്റിയെഴുതി. പിന്നീട് പ്ലോട്ടുകളാക്കി വൻ വിലയ്ക്ക് വിറ്റു.
തന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്ത് വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയെന്ന് കാട്ടി 2019ൽ ജോളിയുടെ മുൻ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇതിൽപ്പെട്ട 3.3 ഏക്കർ സ്ഥലം വ്യാജ പട്ടയമുണ്ടാക്കി മറിച്ച് വിറ്റതാണെന്ന് വിജിലൻസ് കണ്ടെത്തിയത്. ജെസിയെ അന്വേഷിച്ച വിജിലൻസിന് അങ്ങനെയൊരു ആളെ മേൽവിലാസത്തിൽ കണ്ടെത്താനായില്ല. ജോളിയുടെ ബന്ധുവായ ജെസിയുടെ വീട്ടിലും അന്വേഷണ സംഘമെത്തിയെങ്കിലും ഇവർക്ക് അറിവില്ലെന്നാണ് പറഞ്ഞത്. ജോളി മറ്റൊരു ജെസിയെന്ന പേരുകാരിയെ എത്തിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആധാരം നടപടികൾ പൂർത്തിയാക്കുകയായിരുന്നു. പിന്നീട് ആ സ്ത്രീ മരിച്ചതായി വിജിലൻസ് കണ്ടെത്തി.
കൈയേറി വിറ്റത് 80
കോടിയുടെ സ്വത്തുക്കൾ
80 കോടിയിലധികം രൂപ വരുന്ന സ്വത്തുക്കളാണ് ജോളി കൈയേറി വിൽപ്പന നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാൾ പല പ്ലോട്ടുകളാക്കി മുറിച്ച് വിറ്റ സ്ഥലത്ത് നിരവധി കെട്ടിടങ്ങളും ഉയർന്നിട്ടുണ്ട്. 55 ഏക്കർ സർക്കാർ ഭൂമി കൈയേറി വ്യാജ പട്ടയം നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രതിക്കൂട്ടിലായ ഈ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് തവണ മുൻകൂർ ജാമ്യത്തിന് ജോളി അപേക്ഷ നൽകിയിരുന്നു. ആദ്യതവണയും മൂന്നാം തവണയും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. രണ്ടാം തവണ കോടതിയെ കൊവിഡാണെന്ന പേരിൽ കബളിപ്പിക്കാനും ശ്രമിച്ചു. അവസാനം 2022 നവംബറിൽ നൽകിയ അപേക്ഷയുടെ പുറത്ത് വിജിലൻസ് കോടതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. പിന്നീട് ബംഗളൂരുവിലെ ആപ്പിൾ ബ്ലോസം അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റ് നമ്പർ 304ൽ നിന്ന് ഇയാളെ പിടി കൂടുകയായിരുന്നു. 17 വർഷമായി ഇവിടെ താമസിച്ച് റിയൽ എസ്‌റ്റേറ്റ് ബിസിനസ് ചെയ്ത് വരികയാണ് ഇയാൾ. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിജിലൻസ് കോട്ടയം റേഞ്ച് എസ്.പി വി.ജി. വിനോദ്കുമാർ, ഡിവൈ.എസ്.പി ഷാജു തോമസ്, സി.ഐ അരുൺ ടി.ആർ, എസ്.ഐ ഡാനിയേൽ, എ.എസ്.ഐ ബേസിൽ, എസ്.സി.പി.ഒമാരായ റഷീദ്, അഭിലാഷ്, സി.പി.ഒമാരായ അരുൺ രാമകൃഷ്ണൻ, സന്ദീപ് ദത്തൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.