പരിഭ്രാന്തി പരത്തി ബസിൽ നിന്നുയർന്ന് പുക

Tuesday 14 February 2023 12:44 AM IST

തിരൂരങ്ങാടി: വിദ്യാർത്ഥികളടക്കം നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യബസിന്റെ എൻജിൻ ഭാഗത്തുനിന്ന് പുകയുയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഒമ്പതരയോടെ,​ കാടപ്പടിയിൽ നിന്ന് ചെമ്മാട് വഴി കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന ബസ് താലൂക്കാശുപത്രിയുടെ പിൻഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ട‌ർബോചാർജ്ജർ ചൂടായി തീപിടിച്ചതാണ് പുകയുയരാനിടയാക്കിയത്. ഉടൻ യാത്രക്കാരും ബസ് ജീവനക്കാരും ബസിൽ നിന്നിറങ്ങി രക്ഷപ്പെട്ടു. നാട്ടുകാരും ആശുപത്രിയിലെത്തിയവരും ബസ് ജീവനക്കാരും ചേർന്ന് തൊട്ടടുത്തു നിന്ന് വെള്ളം കൊണ്ടു വന്ന് ഒഴിച്ച ശേഷമാണ് പുക നിന്നത്.

കഴിഞ്ഞ ദിവസം നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിന് തൃശൂർ പുഴയ്ക്കലിൽ വച്ച് തീപിടിച്ചിരുന്നു.