ചകിരിക്കമ്പനിയിൽ തീപിടിത്തം: അഞ്ചുലക്ഷത്തിന്റെ നഷ്ടം
എടവണ്ണപ്പാറ : എളമരം തടായിൽ ചകിരിക്കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുലക്ഷത്തിന്റെ നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യുക്കാ കൊയർ ഫൈബർ കമ്പനിയിൽ പുറത്ത് കൂട്ടിയിട്ട ലോഡുകണക്കിന് ചകിരിത്തുപ്പുകൾക്ക് തീപിടിച്ചത്. രണ്ടുമണിക്കൂറിലേറെ സമയമെടുത്താണ് ഫയർഫോഴ്സ് തീയണച്ചത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പ്രവർത്തനം മൂലം കമ്പനി യൂണിറ്റിലേക്ക് തീപടർന്നില്ല.
കൂട്ടിയിട്ട ചകിരിത്തുപ്പുകളുടെ താഴ്‌ഭാഗത്ത് പിടിച്ച തീ പിന്നീട് ആളിപ്പടർന്നു. കമ്പനിയിലെ ഒരു തൊഴിലാളിയാണ് തീ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരും പ്രദേശത്തെ മറ്റു കമ്പനികളിലെ തൊഴിലാളികളും ചേർന്ന് മണ്ണും വെള്ളവുമൊക്കെ ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉച്ചസമയമായതിനാൽ വെയിലിലും കാറ്റിലും തീ കൂടുതൽ ആളിക്കത്തി. മുക്കം അഗ്നിരക്ഷാസേനയിൽ നിന്നും രണ്ട് യൂണിറ്റ് വാഹനമെത്തി രണ്ടുമണിക്കൂറിലേറെ സമയമെടുത്ത് തീയണച്ചു. ഫയർഎൻജിനിലേക്ക് മൂന്ന് വാഹനങ്ങളിലായി 12,000 ലിറ്റർ വെള്ളം എത്തിച്ചുനൽകി. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളടക്കം അഞ്ച് പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നതെന്ന് കമ്പനി മാനേജിംഗ് പാർട്ണർ പൂവ്വാട്ടുപറമ്പ് കിഴക്കുവീട്ടിൽ ഷമീർ പറഞ്ഞു. മുക്കം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി.കെ.മുരളീധരൻ, ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ കെ.നാസർ, ഫയർമാൻമാരായ നിപിൻദാസ്, രജീഷ്, ഷറഫുദ്ധീൻ, നിയാസ്, അഖിൽ, അബ്ദുസലീം, സനീഷ്‌ചെറിയാൻ, ജോഷി, രവീന്ദ്രൻ എന്നിവരാണ് തീയണയ്ക്കാൻ നേതൃത്വം നൽകിയത്.