യൂത്ത് കമ്മിഷൻ ചെയർപേഴ്സണിന്റെ കോലം കടലിലൊഴുക്കി പ്രതിഷേധം

Tuesday 14 February 2023 12:01 AM IST

കൊല്ലം: ജനങ്ങളെ കബിളിപ്പിക്കുന്ന സെമിനാറുകളല്ല അധികാര ദുർവിനിയോഗം നടത്തി ആഡംബര ജീവിതം നയിക്കുന്ന യൂത്ത് കമ്മിഷൻ ചെയർപേഴ്സണിന്റെ രാജിയാണ് വേണ്ടതെന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്താ ജെറോമിന്റെ കോലം കടലിലൊഴുക്കി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ തിരുമുല്ലാവാരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തിയാണ് കോലം കടലിൽ ഒഴുക്കിയത്.യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ അടക്കമുള്ളവരുടെ ആഡംബര ജീവിതത്തിനായാണ് സംസ്ഥാന സർക്കാർ പാവപ്പെട്ട ജനങ്ങളെ പിഴിയുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷനായി. ഹർഷാദ് മുതിരപ്പറമ്പ്, ഷാജി പള്ളിത്തോട്ടം, റമീസ്, ഉല്ലാസ് ഉളിയക്കോവിൽ, രമേശ് കടപ്പാക്കട, അജു ചിന്നക്കട, ശരത് കുരീപ്പുഴ, സുജിൻ മുതിരപ്പറമ്പ്, ബൈജു തേവള്ളി, അസൈൻ പള്ളിമുക്ക്, സിയാദ്, അനസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഇന്നലെയും ഇന്നുമായി യൂത്ത് കമ്മിഷന്റെ സെമിനാർ കൊല്ലത്ത് നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധസമരം.