ഭാര്യയെ ആക്രമിച്ച യുവാവ് പിടിയിൽ

Tuesday 14 February 2023 12:05 AM IST

കൊല്ലം: കുടുംബ കലഹത്തെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് പൊലീസ് പിടിയിൽ. തൃക്കടവൂർ, കുരീപ്പുഴ, ചിറക്കരോട്ട് പുത്തൻവീട്ടിൽ സജീവിനെയാണ് (42) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 9ന് വൈകിട്ട് യുവതിയുടെ ജോലി സ്ഥലത്ത് എത്തി പ്രതി പണം ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതോടെ അക്രമാസക്തനായ പ്രതി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ നെറ്റിയിലും, കൈകളിലും മാരകമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പൊലീസ് പ്രതിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു. കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ബി.ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ഓമനക്കുട്ടൻ നായർ, എസ്.സി.പി.ഒ എം.അനിൽ ,വി.അനിൽ, സി.പി.ഒ വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.