യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
കൊല്ലം: യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി പൊലീസ് പിടിയിലായി. മുണ്ടക്കൽ വില്ലേജിൽ പെരുമ്പള്ളി തെക്കതിൽ മംഗൽ പാണ്ഡെ എന്നറിയപ്പെടുന്ന എബിൻ പെരേരയെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള വിരോധമാണ് യുവാവിനെ തട്ടിക്കൊണ്ട് പോകാൻ കാരണം. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വധശ്രമം, നരഹത്യാശ്രമം, മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമണം, ലഹരി മരുന്ന് വ്യാപാരം തുടങ്ങി പതിനാലോളം കേസുകളിൽ പ്രതിയാണ് എബിൻ പേരേര. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ രഞ്ജു, ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ച് തവണ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള പ്രതി ഇടവേളക്ക് ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെ ഇയാൾക്കെതിരെ ശക്തമായ കാപ്പാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.