ഏയ്‌റോ ഇന്ത്യയ്ക്ക് വലിയ സംഘവുമായി അമേരിക്ക

Tuesday 14 February 2023 3:30 AM IST

ചെന്നൈ: ബംഗളൂരുവിൽ അരങ്ങുണർന്ന ഇത്തവണത്തെ ഏയ്‌റോ ഇന്ത്യ പ്രദർശനത്തിൽ അമേരിക്കയിൽ നിന്ന് പങ്കെടുക്കുന്നത് എക്കാലത്തെയും വലിയ പ്രതിനിധിസംഘം. യു.എസ് എംബസി ഷാർജെ ഡെഫയർ അംബാസഡർ എലിസബത്ത് ജോൺസാണ് സംഘത്തെ നയിക്കുന്നത്.

അമേരിക്കൻ സൈന്യത്തിനും വ്യവസായമേഖലയ്ക്കും സ്വന്തമായുള്ള ലോകോത്തര ഉപകരണങ്ങളും പരിശീലനമുറകളും ശേഷിയും ഏയ്‌റോ ഇന്ത്യയിൽ പ്രദർശിപ്പിക്കുമെന്ന് എലിസബത്ത് ജോൺസ് പറഞ്ഞു. പ്രതിരോധശേഷി ഉയർത്താനുള്ള ഇന്ത്യയുടെ പരിശ്രമത്തിൽ പങ്കാളിയാകാൻ അമേരിക്ക ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളും പൊതുവായ പ്രയോജനമുണ്ടാകുന്ന സഹകരണ ഉത്‌പാദന, പൊതുവികസന പങ്കാളിത്തത്തിൽ അമേരിക്ക കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.

കൂടുതൽ സുരക്ഷിതവും സമൃദ്ധവും സ്വതന്ത്രവുമായ ഇൻഡോ-പസഫിക് മേഖല ഉറപ്പാക്കാൻ അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമായ പങ്കാളിയാണ് ഇന്ത്യയെന്നും എലിസബത്ത് ജോൺസ് പറഞ്ഞു.

അമേരിക്കൻ പവലിയൻ

ഏയ്റോ മെറ്റൽസ് അലയൻസ്, അസ്‌ട്രോനോട്ടിക്‌സ് കോർപ്പറേഷൻ ഒഫ് അമേരിക്ക, ബോയിംഗ്, ജി.ഇ. ഏയ്റോസ്പേസ്, ജനറൽ അറ്റോമിക്‌സ് ഏയ്റോനോട്ടിക്കൽ സിസ്റ്റംസ്, ഹൈ-ടെക് ഇംപോർട്ട് എക്സ്പോർട്ട് കോർപ്പറേഷൻ, ജോണൽ ലാബോറട്ടറീസ്, കാൾമൻ വേൾഡ് വൈഡ്, ലോക്ഹീഡ് മാർട്ടിൻ, പ്രാറ്റ് ആൻഡ് വിറ്റ്നി, ടി.ഡബ്ള്യു മെറ്റൽസ് തുടങ്ങിയ നിരവധി പ്രമുഖ അമേരിക്കൻ ഡിഫൻസ് കമ്പനികൾ അമേരിക്കൻ പവലിയനിലുണ്ട്. യെലഹങ്ക എയർഫോഴ്‌സ് ബേസിലുള്ള ഹാൾ എയിലാണ് അമേരിക്കൻ പവലിയൻ.

Advertisement
Advertisement