പുനരധിവാസ പാക്കേജിൽ വഴിമുട്ടി തീരദേശ ഹൈവേ

Tuesday 14 February 2023 12:41 AM IST

 പുനരധിവാസ പാക്കേജിന് അംഗീകാരം വൈകുന്നു

കൊല്ലം: നടപടികൾ തുടങ്ങി ഏഴ് വർഷമായിട്ടും എങ്ങുമെത്താതെ ജില്ലയിലെ തീരദേശ ഹൈവേ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ആഗസ്റ്റിൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തികൾ വേർതിരിച്ച് കല്ലുകൾ സ്ഥാപിച്ച് തുടങ്ങിയെങ്കിലും എതിർപ്പുകളെ തുടർന്ന് മുടങ്ങി. ഭൂമി നഷ്ടപ്പെടുന്നവരെ ശാന്തരാക്കാൻ പുനരധിവാസ പാക്കേജ് കൂടി തയ്യാറാക്കിയ ശേഷം കല്ലിടൽ ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും നടപടികൾ ഇഴയുകയാണ്.

ഒന്നരമാസം മുമ്പ് തീരദേശവികസന കോർപ്പറേഷൻ പുനരധിവാസ പാക്കേജ് കൈമാറിയിരുന്നു. ഇതിന്റെ ഫയൽ പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് കഴിഞ്ഞ ഒരുമാസമായി റവന്യൂവകുപ്പിന്റെ പരിഗണനയിലാണ്. നഷ്ടപരിഹാരത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തീരദേശ ഹൈവേയുടെ കല്ലിടൽ നിർത്തിവച്ചത്. അതേസമയം, നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ തീരദേശ ഹൈവേയുടെ ഡി.പി.ആർ തയ്യാറാക്കലും അനന്തമായി നീളുകയാണ്. തീരദേശത്തെ വിവിധ റോഡുകളെ ബന്ധിപ്പിച്ച് കാപ്പിൽ മുതൽ വലിയഴീക്കൽ വരെയാണ് ജില്ലയിൽ തീരദേശ ഹൈവേ നിർമ്മിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് ആണ് നിർവഹണ ഏജൻസി.

എതിർപ്പില്ലാത്തയിടങ്ങളിൽ കല്ലിടാൻ ആലോചന

പുനരധിവാസ പാക്കേജ് വൈകുന്ന സാഹചര്യത്തിൽ എതിർപ്പില്ലാത്ത സ്ഥലങ്ങളിൽ വൈകാതെ കല്ലിടാൻ ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ജനപ്രതിനിധികളുമായി നിർവഹണ ഏജൻസി ചർച്ച നടത്തും.

ഒന്നുകിൽ പണം, അല്ലെങ്കിൽ ഫ്ലാറ്റ്

തീരദേശ ഹൈവേ നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കലിൽ കിടപ്പാടം നഷ്ടമാകുന്നവർക്ക് 2013ലെ സ്ഥലമേറ്റെടുക്കൽ നിയമപ്രകാരമുള്ള പൊന്നുംവില നഷ്ട പരിഹാരമായി നൽകും. ഇങ്ങനെ പണം ലഭിക്കുന്നവർക്ക് തീരദേശത്ത് തന്നെ പുതുതായി ഭൂമി വാങ്ങാൻ പ്രയാസമുണ്ടാകും. സ്ഥലം നഷ്ടമാകുന്നവരിൽ പലരുടെയും ഉപജീവന മാർഗ്ഗം മത്സ്യബന്ധനമാണ്. ദൂരേക്ക് മാറിയാൽ കടലിൽ പോകാൻ ഇവർക്ക് പ്രയാസമാണ്. അതുകൊണ്ട് തന്നെ നഷ്ടപരിഹാര തുക ആവശ്യമില്ലാത്തവർക്ക് തീരമേഖലയിൽ ഫ്ലാറ്റ് നിർമ്മിച്ചു നൽകൽ കൂടി ഉൾപ്പെടുത്തിയാകും പുനരധിവാസ പാക്കേജ്.

ജില്ലയിലെ ആകെ നീളം 51 കി. മീറ്റർ

(ദേശീയപാത 66ലെ 9 കിലോമീറ്റർ സഹിതം)

വീതി കൂട്ടി വികസനം 42 കി. മീറ്റർ

റീച്ചുകളും ഏറ്റെടുക്കുന്ന ഏകദേശ ഭൂമിയും

കാപ്പിൽ: തങ്കശ്ശേരി 25 ഹെക്ടർ

തങ്കശ്ശേരി: ശക്തികുളങ്ങര 9 ഹെക്ടർ

ഇടപ്പള്ളിക്കോട്ട: വലിയഅഴീക്കൽ 23 ഹെക്ടർ