തൊഴിലുറപ്പ് തൊഴിലാളി പ്രക്ഷോഭയാത്ര 15 മുതൽ
കൊല്ലം : വിലക്കയറ്റത്തിനും തൊഴിലുറപ്പ് തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കുമെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻ.യു. ആർ.ഇ.ജി.എസ് - യു.ടി.യു.സി) ജില്ലാസെക്രട്ടറി വെളിയം ഉദയകുമാറിന്റെ നേതൃത്വത്തിൽ
15 മുതൽ 17 വരെ ജില്ലാതല പ്രക്ഷോഭ യാത്ര സംഘടിപ്പിക്കും.
15ന് വൈകിട്ട് 4ന് കൊട്ടിയം മൈലക്കാട് ചേരുന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 8ന് പാരിപ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ചടയമംഗലം, പുനലൂർ, പത്തനാപുരം മണ്ഡലങ്ങളിൽ പര്യടനം നടത്തി കൊട്ടാരക്കര മണ്ഡലത്തിലെ ഓടനാവട്ടത്ത് സമാപിക്കും. സമാപന സമ്മേളനം ആർ.എസ്.പി ദേശീയസമിതി അംഗം അഡ്വ.ടി.സി.വിജയൻ ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ 8ന് കണ്ണനല്ലൂരിൽ നിന്ന് അരംഭിച്ച് കൊല്ലം, ചവറ, കരുനാഗപ്പള്ളി, കുന്നത്തൂർ, കുണ്ടറ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി കുണ്ടറ പെരുമ്പുഴയിൽ സമാപിക്കും. സമാപന സമ്മേളനം മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യും.
തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം. 21 ന് രാവിലെ 9 ന് ജില്ലയിലെ തൊഴിലാളികൾ പണിമുടക്കി കൊല്ലം ഹെഡ് പോസ്റ്റാഫീസ് ഉപരോധിക്കും. യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്യും. വെളിയം ഉദയകുമാർ, പ്ലാക്കാട് ടിങ്കു, ചവറ സുനിൽ, സോഫിയ സലാം, കെ.രാജി, കൗൺസിലർ സ്വർണ്ണമ്മ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.