ഐ.പി.എസ് കല്യാണം ​​​​​​​കൂടാൻ ബന്ധുക്കൾക്ക് പൊലീസ് വണ്ടികൾ 

Tuesday 14 February 2023 1:24 AM IST

കൊച്ചിയിൽ ട്രിപ്പടിച്ചത് പത്തിലേറെ വാഹനങ്ങൾ

കൊച്ചി: ഉല്ലാസയാത്ര പോകാനും കല്യാണം കൂടാനും റവന്യൂ ജീവനക്കാർ കൂട്ട അവധിയെടുത്ത വിവാദം കത്തിനിൽക്കേ, യുവ ഐ.പി.എസ് ഓഫീസറുടെ കല്യാണത്തിന് എത്തിയവർക്ക് പൊലീസ് വണ്ടികൾ കൂട്ടത്തോടെ വിട്ടുകൊടുത്തു.

ബന്ധുക്കളെ വിമാനത്താവളത്തിൽ വരവേറ്റ് ഹോട്ടലുകളിൽ എത്തിക്കേണ്ടചുമതല പൊലീസുകാർക്കായിരുന്നു. മഫ്തി വേഷത്തിൽ അവർ ചുമതല നിർവഹിച്ചു.

തൃശൂർ ഐ.ആർ ബറ്റാലിയൻ കമാൻഡന്റ് ഹരിയാന സ്വദേശി പദംസിംഗിന്റെ വിവാഹത്തിന് എത്തിയവരെയാണ് ഇങ്ങനെ എഴുന്നള്ളിച്ചത്. ഇന്നലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹം.

ഞായറാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിക്കാൻ പത്തിലേറെ വാഹനങ്ങൾ രാവിലെ മുതൽ രാത്രിവരെ ട്രിപ്പടിക്കുകയായിരുന്നു. ഐ.ആർ. ബറ്റാലിയനിലെ വാഹനങ്ങൾക്ക് പുറമേ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നേരത്തെ ഉപയോഗിച്ചിരുന്ന സൈലോയും കളക്ടറേറ്റിലെ രണ്ടുവാഹനങ്ങളും ഇത്തരത്തിൽ ദുരുപയോഗം ചെയ്തു.

ഇന്ധനക്കുടിശിക മൂലം കൊച്ചിയിലടക്കം രാത്രികാല പട്രോളിംഗ് വെട്ടിക്കുറച്ചിരിക്കെയാണ് നിയമലംഘനം. പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസിന്റെ വാഹനം വിട്ടുകൊടുത്തില്ലെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ, 300 കിലോമീറ്ററിലേറെ ഓടിയിട്ടുണ്ട്.

നിയമലംഘനം പുറത്തറിയാതിരിക്കാൻ വാഹനങ്ങളുടെ ബോർഡുകൾ മറച്ചായിരുന്നു യാത്ര. ലഗേജുകൾ വാഹനങ്ങളിൽ കയറ്റേണ്ട ഡ്യൂട്ടി പൊലീസുകാർക്കായിരുന്നു. അതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

സർക്കാർ വാഹനങ്ങൾ ഉദ്യോഗസ്ഥർക്ക് സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കണമെങ്കിൽ അനുമതി വാങ്ങണം. കിലോമീറ്റർ കണക്കിൽ പണവുംഅടയ്ക്കണം. പക്ഷേ, പൊലീസ് വാഹനങ്ങൾ അതിനായി നൽകാറില്ല. പണമടച്ച് തലയൂരാൻ ശ്രമം നടക്കുന്നുണ്ട്. പദംസിംഗ് 2018 കേരള കേഡർ ഐ.പി.എസ് ഓഫീസറാണ്. ഉത്തരേന്ത്യക്കാരിയുമായുള്ള പ്രണയവിവാഹമായതിനാലാണ് കൊച്ചിയിൽ ചടങ്ങുകൾ നടത്തിയതത്രെ.