ജപ്തി ഭീഷണി: ഗൃഹനാഥൻ ജീവനൊടുക്കി

Tuesday 14 February 2023 1:26 AM IST

പാലക്കാട്: സ്വകാര്യ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിലെ മനോവിഷമത്തിൽ ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. കള്ളിക്കാട് കെ.എസ്.എം മൻസിലിൽ അയൂബാണ് (60) ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചെ അഞ്ചിനാണ് സംഭവം.

അയൂബിന്റേത് ഉൾപ്പെടെ മൂന്ന് വീടുകൾ ഈടുവച്ച് എട്ടുവർഷം മുമ്പ് ബിസിനസ് ആവശ്യത്തിന് മരുമകൻ സ്വകാര്യ ബാങ്കിൽ നിന്ന് വൻ തുക വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ 1.38 കോടി അടയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ജപ്തി നോട്ടീസ് വന്നു. ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു അയൂബ്.

15 വർഷം പ്രവാസിയായിരുന്ന അയൂബ് നിലവിൽ യാക്കരയിലെ ഹോട്ടൽ ജീവനക്കാരനാണ്. ജപ്തി നോട്ടീസ് ലഭിച്ച ശേഷം മരുമകനോട് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ജപ്തി ഭയന്ന് മറ്റൊരിടത്തേക്ക് താമസം മാറിയെങ്കിലും കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തി. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ പുലർച്ചെ ജീവനൊടുക്കുകയായിരുന്നു. ടൗൺ സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്രുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഹാജിറ. മക്കൾ: അനീഷ, ആരിഫ, അർഷാദ്. മരുമക്കൾ: റിയാസ്, മൻസൂർ, നെസി.