ബൈ,​ ബൈ മോർഗൻ

Tuesday 14 February 2023 5:16 AM IST

ലണ്ടൻ: ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് ചാമ്പ്യൻമാരാക്കിയ നായകൻ ഒയിൻ മോർഗൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്നലെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്രിൽ നിന്നും വിരമിക്കുകയാണെന്ന് 36കാരനായ മോർഗൻ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.ഇതാണ് വിരമിക്കാനുള്ള ശരിയായ സമയം. എല്ലാവർക്കും നന്ദി.- മോർഗൻ വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു.

അയർലൻഡ് ദേശീയ ടീമിലൂടെ അന്താരാഷ്ട്ര കരിയർ ആരംഭിച്ച് പിന്നീട് ഇംഗ്ലണ്ട് ടീമിന്റെ നെടുംതൂണായി മാറിയ മോർഗൻ കഴിഞ്ഞ ജൂലായിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. തുടർന്ന് ട്വന്റി-20 ലീഗുകളിൽ കളിച്ചു വരികയായിരുന്നു. ഈയിടെ അവസാനിച്ച ദക്ഷിണാഫ്രിക്ക ട്വന്റി -20 ലീഗിൽ പാൾ റോയൽസിനായി കളിച്ചിരുന്നു.

മോ‌ഗന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് 2019ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. 2009ലെ ട്വന്റി-20 ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലും മോർഗൻ അംഗമായിരുന്നു. ഏഴര വർഷക്കാലം ട്വന്റി-20യിലും ഏകദിനത്തിലും ഇംഗ്ലണ്ടിന്റെ ക്യാപ്ടനായിരുന്നു.

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്ടനായിരുന്ന മോർഗൻ സൺറൈസേഴ്സ് ഹൈദരാബാദിനായും കിംഗ്സ് ഇലവൻ പഞ്ചാബിനായും പാഡണിഞ്ഞിട്ടുണ്ട്.

ആകെ 855 മത്സരങ്ങൾ കളിച്ച മോർഗൻ 24000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്. ഏഴര വർഷം ഇംഗ്ലണ്ടിന്റെ വൈറ്റ് ബാൾ ക്രിക്കറ്റ് നായകനായിരുന്നു മോർഗൻ. ഇംഗ്ലണ്ടിനൊപ്പം ട്വന്റി -20 ലോകകപ്പ് കിരീടം നേടാനും മോർഗന് സാധിച്ചിട്ടുണ്ട്.

അയർലൻഡിനായി 2006-ൽ അരങ്ങേറ്റം നടത്തിയ മോർഗൻ 2009-ലാണ് ഇംഗ്ലണ്ടിനായി കളിക്കാൻ തുടങ്ങിയത്. 248 ഏകദിനത്തിൽ നിന്ന് 7701 റൺസും 115 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 2458 റൺസും നേടിയ മോർഗന്‍ 16 ടെസ്റ്റിൽ നിന്ന് 700 റൺസും അടിച്ചെടുത്തു. ആഭ്യന്തര ട്വന്റി -20യിൽ ഏറെ ശോഭിച്ച മോർഗന്‍ 374 മത്സരങ്ങളിൽ നിന്ന് 7780 റൺസാണ് അടിച്ചെടുത്തത്.

Advertisement
Advertisement