തെരുവു കച്ചവടം കൊച്ചിയിൽ ചട്ടപ്പടി മാത്രം

Wednesday 15 February 2023 12:22 AM IST

കൊച്ചി: വഴിയോര കച്ചവടം നിയന്ത്രിക്കാനുള്ള കേന്ദ്ര, സംസ്ഥാന ചട്ടങ്ങൾ നടപ്പാക്കി അനുകരണീയ മാതൃകയായി കൊച്ചി കോർപ്പറേഷൻ. വഴിയോരക്കച്ചവടക്കാരുടെ സർവേ നടത്തി മേഖല തിരിച്ച് ലൈസൻസ് നൽകണമെന്ന 2014ലെ കേന്ദ്ര വഴിയോര കച്ചവട നിയന്ത്രണ നിയമവും 2018ലെ കേരള തെരുവു കച്ചവടചട്ടവും നടപ്പാക്കിയ കേരളത്തിലെ ഏക തദ്ദേശ സ്ഥാപനമാണ് കൊച്ചി കോർപ്പറഷൻ.

ഒരാളുടെ തന്നെ 12-15 തട്ടുകടകൾ വരെ മുമ്പ് കൊച്ചിയിലുണ്ടായിരുന്നു. ദിവസ വാടകയ്ക്ക് കടകൾ മറിച്ചു നൽകി ലക്ഷങ്ങൾ ലാഭം കൊയ്തവരും കൂട്ടത്തിലുണ്ട്.

ലൈസൻസോ തറവാടകയോ പരിശോധനയോ ഇല്ലാതെ, പൊലീസിന്റെയും രാഷ്‌ട്രീയക്കാരുടെയും സംരക്ഷണയോടെ തോന്നിയ സ്ഥലത്ത് കടകൾ തുറന്ന് വിലസുകയായിരുന്നു ഇക്കൂട്ടർ. ഇപ്പോൾ വഴിയോര കച്ചവടത്തിനായി കൊച്ചിയിൽ 78സ്ഥലങ്ങൾ (വെൻഡിംഗ് സോൺ) കണ്ടെത്തിയിട്ടുണ്ടെന്ന് വെൻഡിംഗ് കമ്മിറ്റി അംഗവും കൗൺസിലറുമായ പി.എസ്. വിജു പറഞ്ഞു.

2019ൽ കൊച്ചി കോർപ്പറേഷൻ തയ്യാറാക്കിയ 1,981 പേരുടെ പട്ടിക കോടതി കയറി. തുടർന്ന് കോടതിയുടെ മേൽനോട്ടത്തിൽ തുടക്കമിട്ട പ്രവർത്തനങ്ങളുടെ ആദ്യം ഘട്ടം ഇപ്പോൾ പൂർത്തിയായി. 3,202 പേർക്ക് ലൈസൻസും നൽകി.

നിയന്ത്രണങ്ങൾ നിരവധി

• ലൈസൻസിക്കോ കുടുംബാംഗത്തിനോ മാത്രമേ കച്ചവടം നടത്താനാകൂ.

• തോന്നുംപടി കടയും കച്ചവടവും മാറ്റാൻ പറ്റില്ല. പഴക്കച്ചവടം നിറുത്തി പച്ചക്കറി വിൽക്കണമെങ്കിലും ലൈസൻസ് മാറ്റണം.

• 25 ചതുരശ്ര അടിയിൽ കൂടുതൽ സ്ഥലം ഒരാൾക്ക് അനുവദിക്കില്ല.

• വഴിയോരത്ത് മത്സ്യവില്പന പറ്റില്ല.

• ഭക്ഷണം വിൽക്കാൻ ലൈസൻസ് നിർബന്ധം.

രണ്ടു മീറ്ററിൽ താഴെ വീതിയുള്ള നടപ്പാതകളിൽ കച്ചവട വിലക്ക്.

• ലൈസൻസ് കടയിൽ പ്രദർശിപ്പിക്കണം. ഇതിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ കച്ചവടക്കാരന്റെ വിശദാംശങ്ങൾ ലഭിക്കും.

• ആശുപത്രി, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയുടെ 50 മീറ്റർ പരിധിയിൽ കച്ചവടം അനുവദനീയമല്ല.

പുനരധിവാസം ഉടൻ

വഴിയോര കച്ചവടക്കാർക്ക് ലൈസൻസും ഐഡിന്റിറ്റി കാർഡും നൽകി. വെൻഡിംഗ് സോണുകളിലേക്ക് അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

എം. അനിൽകുമാർ

കൊച്ചി മേയർ

Advertisement
Advertisement