പ്രേതത്തെ ഓടിക്കാൻ മമത കേന്ദ്ര മന്ത്രിയാകേണ്ടി വന്നു, പ്രേതഭയത്താൽ 42 വർഷം അടച്ചിട്ട റെയിൽവേ സ്റ്റേഷൻ തുറന്നത് 2009ൽ, ഇപ്പോഴും സന്ധ്യമയങ്ങിയാൽ നാട്ടുകാർ പോകാറില്ല 

Tuesday 14 February 2023 3:36 PM IST

പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ബെഗുങ്കോദർ. ഇവിടെയുള്ള റെയിൽവേ സ്റ്റേഷൻ പ്രേതബാധയുണ്ടെന്ന് കരുതി രാത്രി സമയങ്ങളിൽ ആരും പോകാറില്ല. 1960ലാണ് ബെഗുങ്കോദർ റെയിൽവേ സ്‌റ്റേഷൻ പണികഴിപ്പിച്ചത്. രാജ്ഞിയായ ലച്ചൻ കുമാരിയും ഇന്ത്യൻ റെയിൽവേയും ചേർന്നാണ് റെയിൽവേ സ്റ്റേഷൻ പണികഴിപ്പിച്ചത്.

പ്രവർത്തനം ആരംഭിച്ച് ആറ് വർഷത്തോളം കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 1967ൽ സ്റ്റേഷനിൽ പ്രേതബാധ കണ്ടെത്തി. ഒരു സ്ത്രീയുടെ പ്രേതത്തെ സ്റ്റേഷനിലെ ജീവനക്കാരനാണ് ആദ്യമായി കണ്ടത്. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതമാണ് ഇതെന്നായിരുന്നു വിശ്വാസം. എന്നാൽ സ്റ്റേഷൻ മാസ്റ്റർ പ്രേതത്തെ കണ്ടെന്ന വിവരം ഗ്രാമീണർ വിശ്വസിച്ചില്ല. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം, സ്റ്റേഷൻ മാസ്റ്ററെയും കുടുംബാംഗങ്ങളെയും അവരുടെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ ഗ്രാമവാസികൾ പ്രേതത്തെ വിശ്വസിക്കാൻ ആരംഭിച്ചു.

ഈ സംഭവത്തിന് ശേഷം ബെഗുങ്കോദർ സ്റ്റേഷൻ വിജനമായി. പകൽ പോലും ഇവിടെ എത്താൻ ആളുകൾ ഭയന്നു. തുടർന്ന് ആളില്ലാതായതോടെ സ്‌റ്റേഷൻ പ്രവർത്തനം അവസാനിച്ചു. ഈ ഭയം മാറ്റാൻ 2009ൽ മമത ബാനർജി കേന്ദ്ര റെയിൽവേ മന്ത്രി ആകേണ്ടി വന്നു. ഇതിന് മുൻപേ 1990കളിൽ സ്റ്റേഷൻ തുറക്കണമെന്ന് നാട്ടുകാരുടെ ഇടയിൽ നിന്നും ആവശ്യമുയർന്നിരുന്നു. 2009 ഓഗസ്റ്റിൽ സ്റ്റേഷൻ വീണ്ടും തുറന്നു. 42 വർഷത്തിനു ശേഷം സ്‌റ്റേഷൻ തുറന്നെങ്കിലും ഇന്നും സൂര്യാസ്തമയത്തിനു ശേഷം ആളുകൾ ബെഗങ്കോഡോർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോകാറില്ല. പ്രേതബാധയുള്ള സ്റ്റേഷൻ എന്ന പേരിലാണ് ഇപ്പോഴും ഇവിടം അറിയപ്പെടുന്നത്.