വിലയിടിഞ്ഞ് വൈക്കോൽ; പാടങ്ങളിൽ കെട്ടിക്കിടക്കുന്നു

Wednesday 15 February 2023 12:18 AM IST

പാലക്കാട്: വൈക്കോൽ വാങ്ങാൻ ആവശ്യക്കാരില്ലാത്തത് നെൽകർഷകർക്ക് തിരിച്ചടിയാകുന്നു. നെല്ലിനൊപ്പം വൈക്കോൽ വില്പന കൂടി നടന്നാലേ കൃഷിയിറക്കിയതിന്റെ മുതൽ മുടക്കെങ്കിലും ലഭിക്കൂ. നെല്ലിന്റെ വിലയിൽ അല്പം നഷ്ടം വന്നാലും വൈക്കോൽ വില്പനയിലൂടെ ഇത് നികത്തുകയായിരുന്നു പതിവ്.

കഴിഞ്ഞ വർഷം വൈക്കോൽ കെട്ടിന് 200 രൂപ വരെ ലഭിച്ചിരുന്നിടത്ത് നിലവിൽ 120 രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞിട്ടുപോലും ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. യന്ത്രമുപയോഗിച്ച് ഒരുറോൾ വൈക്കോൽ കെട്ടുന്നതിന് 35 മുതൽ 45 രൂപ വരെയാണ് ചെലവ്.

വൈക്കോൽ വാങ്ങാൻ ആളില്ലാത്തതിനാൽ മഴക്കാലം കണക്കിലെടുത്ത് പല കർഷകരും കടം വാങ്ങിയും മറ്റും വീടുകളിൽ താത്കാലിക ഷെഡുണ്ടാക്കി വൈക്കോൽ സൂക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വിലയും പല കർഷകർക്കും പൂർണ്ണമായും ലഭിച്ചിട്ടില്ല.