ചങ്ങാലിക്കോടൻ; നേന്ത്രവാഴയിലെ സൂപ്പർ താരം
ഒറ്റപ്പാലം: നേന്ത്രവാഴകളിലെ മുന്തിയ ഇനമായ ചങ്ങാലിക്കോടൻ അടുത്ത ഓണവിപണി ലക്ഷ്യമാക്കി കൃഷിയിടങ്ങളിൽ കർഷകരുടെ ലാളനയേറ്റ് വളരുകയാണ്. അകമല-ഇരുനിലംകോട് മലനിരകൾക്ക് മദ്ധ്യേയുള്ള താഴ്‌വര പ്രദേശത്താണ് ചങ്ങാലിക്കോടൻ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവിടത്തെ സവിശേഷ കാലാവസ്ഥയിൽ വളരുന്ന ഭൗമസൂചികാ പദവി ലഭിച്ച ഏത്തവാഴയാണിത്.
ഒറ്റപ്പാലം, ഷൊർണൂർ മേഖലയിൽ ഭാരതപ്പുഴയുടെ തീരത്ത് പരീക്ഷിച്ചെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. കാലാവസ്ഥ, മണ്ണ്, പരിചരണം മുതലായവ ഇവയുടെ വളർച്ചയിലും ഗുണത്തിലും വേറിട്ട ഘടകമാണ്.
മുള്ളൂർക്കര, എരുമപ്പെട്ടി പഞ്ചായത്തുകളിലാണ് പ്രധാന കൃഷി. സീസണിൽ ഷൊർണൂർ- വടക്കാഞ്ചേരി റോഡരികിൽ പലയിടത്തും ചങ്ങാലിക്കോടൻ വില്പനയുണ്ടാകും. പാലക്കാട്, തൃശൂർ ജില്ലകളിലാണ് ചങ്ങാലിക്കോടൻ ഏത്തവാഴയുടെ പ്രധാന വിപണി.
മുറജപത്തിലെ കാഴ്ചക്കുല
ഒരു കാലത്ത് 'ചങ്ങഴിക്കോടൻ നമ്പ്യാന്മാരെ"ന്നറിയപ്പെട്ടിരുന്ന മുള്ളൂർക്കര പ്രദേശത്തെ പ്രഭുക്കളുടെ ആധിപത്യത്തിലിരുന്ന പ്രദേശങ്ങളിലാണ് ചങ്ങാലിക്കോടൻ ഇന്നും വിളയുന്നത്. അന്ന് ചങ്ങഴിക്കോടൻ എന്നറിയപ്പെട്ടിരുന്ന ഇനമാണ് ഇന്നത്തെ ചങ്ങാലിക്കോടൻ. പണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് മുറജപത്തിന് ഈ കാഴ്ചക്കുല കൊണ്ടുപോയിരുന്നു.
ഓണത്തിന് വിളവെടുപ്പ്
കന്നിയിലാണ് കന്ന് നടുക. വെള്ളവും ജൈവവളവും മാത്രമാണ് പ്രയോഗം. ഓണത്തിന് വിളവെടുക്കും. സ്വർണനിറമുള്ള കായ മൂപ്പെത്തുന്നതോടെ ചുവന്ന കര പ്രത്യക്ഷപ്പെടും. ഭംഗിയും വലിപ്പവുമേറിയവ കാഴ്ചക്കുലകളാകും. കഴിഞ്ഞ സീസണിൽ 5000 രൂപ വരെ നേടിയ കാഴ്ചക്കുലകളുണ്ട്.