ചക്കയ്ക്ക് പുതിയ വിപണി, നാട്ടുകാർക്ക് ആശ്വാസം

Wednesday 15 February 2023 12:06 AM IST
വടക്കൻ സംസ്ഥാനങ്ങളിലേക്ക് ലോറിയിൽ നിറച്ച് കൊണ്ടുപോകുന്ന ചക്ക.

വടക്കഞ്ചേരി: നാട്ടിൻപുറത്ത് ചെറുതും വലുതുമായ ചക്കകൾക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഇടത്തരം ചക്കയ്ക്ക് 20ഉം ഇടിച്ചക്ക അഞ്ചുരൂപ മുതലും വില കണക്കാക്കിയാണ് കച്ചവടക്കാർ ഒരു പ്ലാവിൽ നിന്ന് മുഴുവൻ ചക്കയും വാങ്ങുന്നത്. ചെറുകിട കച്ചവടക്കാർ ചെറുവാഹനങ്ങളിൽ ചക്ക ശേഖരിച്ച് വടക്കഞ്ചേരിയിലെ മൊത്തവ്യാപാരിക്ക് കൈമാറും.

നേരത്തെ ചക്ക പഴുക്കാറാകുമ്പോൾ നാമമാത്രമായി കൊണ്ടുപോയിരുന്ന സ്ഥാനത്താണ് മുഴുവൻ ചക്കയും വലിപ്പച്ചെറുപ്പമില്ലാതെ വാങ്ങാൻ കച്ചവടക്കാരെത്തുന്നത്. ഇത് കർഷകർക്ക് വലിയ ആശ്വാസമാണ്. കുരങ്ങ്, മലയണ്ണാൻ, തുടങ്ങി കാട്ടാന വരെയുള്ള വന്യജീവികൾ പ്ലാവുള്ള വീട്ടുപറമ്പുകളിലും മറ്റും ചക്ക പഴുക്കുന്ന സീസണിൽ ഭീഷണിയായിരുന്നു. നേരത്തെയുള്ള വില്പന മൂലം ഇത്തരം വന്യജീവി ശല്യം ഒഴിവാകുന്നതിന്റെ ആശ്വാസത്തിലാണ് മലയോര നിവാസികൾ. ആവശ്യത്തിൽ കവിഞ്ഞുണ്ടാകുന്ന ചക്കയ്ക്ക് അവിചാരിതമായി വില ലഭിക്കുന്നത് നാട്ടുകാർക്ക് അധിക വരുമാനമായി.

ഉത്തരേന്ത്യൻ വിപണി

ചക്ക കൂടുതലായും കൊണ്ടുപോകുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് എന്നതും പ്രത്യേകതയാണ്. ബാംഗ്ലൂർ, കൽക്കട്ട, പൂന, മുംബൈ,​ ഡൽഹി തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ദിവസവും രണ്ടും മൂന്നും ലോഡ് പച്ചച്ചക്ക പ്രദേശത്ത് നിന്ന് കയറ്റി അയക്കുന്നു.

ഉല്പന്ന വൈവിദ്ധ്യം

ചക്ക കൊണ്ട് നിരവധി ഉല്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെങ്കിലും അടുത്തകാലം വരെ സംസ്ഥാനത്ത് സ്ഥിരം വിപണി ഇല്ലായിരുന്നു. പച്ചചക്ക പൊടിച്ച് വൈവിദ്ധ്യമായ ഭക്ഷ്യോല്പന്നങ്ങൾ ഉണ്ടാക്കുന്നതിനാണ് ഉത്തരേന്ത്യയിലേക്കുള്ള കയറ്റുമതി ഡിമാൻഡ് വർദ്ധിക്കുന്നത്.

ചക്കയുടെ പോഷകമൂല്യവും പ്രാധാന്യവും ആളുകൾ തിരിച്ചറിഞ്ഞതിനാൽ ഓരോ വർഷവും ഡിമാൻഡ് വർദ്ധിക്കുകയാണ്. പച്ചചക്ക പൊടിച്ചുണക്കി നിരവധി കമ്പനികൾ വിവിധതരം ഉല്പന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്.

-ഷാഹുൽ ഹമീദ്,​ വ്യാപാരി,​ വടക്കഞ്ചേരി.

Advertisement
Advertisement