കണക്ക് കൊടുക്കാൻ നടപടി തുടങ്ങി പ്രതിസന്ധി ജി.എസ്.ടി കിട്ടിയാൽ തീരില്ല: മന്ത്രി ബാലഗോപാൽ

Wednesday 15 February 2023 12:17 AM IST

തിരുവനന്തപുരം: ജി.എസ്.ടി.യുമായി ബന്ധപ്പെട്ട് കിട്ടാനുള്ള തുക കിട്ടാത്തത് കണക്ക് കൊടുക്കാത്തതുകൊണ്ടാണെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ സി.എ.ജി.യുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പരിശോധിക്കാനുളള നടപടി സംസ്ഥാനം ആരംഭിച്ചു. ഇന്നലെ ധനവകുപ്പിലെ പി.എ.സി.വിഭാഗം ഇതിനുള്ള എഴുത്തുകുത്തുകൾ തുടങ്ങി. നികുതിവരുമാനത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് കൊടുത്തതുകൊണ്ട് കേരളത്തിന് കാര്യമായ സാമ്പത്തിക നേട്ടമൊന്നും പ്രതീക്ഷിക്കാനില്ലെങ്കിലും ആക്ഷേപമില്ലാതെ നടപടികൾ തീർക്കാനുളള ശ്രമമാണ് സംസ്ഥാനസർക്കാർ നടത്തുന്നത്.

അതേസമയം ജി.എസ്.ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി അനാവശ്യ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സർക്കാർ നിലപാട്. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നില്ലെന്ന് കേരളത്തിന് പരാതിയില്ല. ഐ.ജി.എസ്.ടി വിഹിതം കിട്ടുന്നത് സംബന്ധിച്ച് കേരളം ജി.എസ്.ടി കൗൺസിലിൽ ഉന്നയിച്ചതാണ്. സാങ്കേതിക പ്രശ്നങ്ങളാണ് അതിനു തടസം. കേരളത്തിലെ സാങ്കേതിക നവീകരണവും ദേശീയ നെറ്റ് വർക്കിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതോടെ അതു തീരും. ഇക്കാര്യം നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.

ധനമന്ത്രി പറയുന്നത്

സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ജി.എസ്.ടി.യുമായി ബന്ധപ്പെട്ടതല്ല.ജി.എസ്.ടി വന്നപ്പോൾ സംസ്ഥാത്തിനു നികുതിസ്വാതന്ത്ര്യം നഷ്ടമായി. ഡിവിസീവ് പൂളിൽ നിന്ന് നമുക്കുകൂടി അർഹമായ വിഹിതം പങ്കുവയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായി മാറ്റം വരുത്തി. അതുവഴി കേരളത്തിന്റെ വിഹിതം 3.75 ശതമാനത്തിൽ നിന്ന് 1.95 ശതമാനം ആയി കുറഞ്ഞു. സ്ഥിരമായികിട്ടിയിരുന്ന വരുമാനത്തിലാണ് ഈ കുറവുണ്ടായത്. വായ്പയെടുക്കുന്നതിൽ കേന്ദ്രം പുലർത്തുന്ന യുക്തിസഹമല്ലാത്ത കടുംപിടിത്തമാണ് മറ്റൊരു കാരണം. ഇതു പരിഹരിക്കാൻ കൂട്ടായി ശ്രമിക്കേണ്ടതിനുപകരം കേന്ദ്രനിലപാടിനെ ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പരാതി.

സംസ്ഥാന നികുതിവരുമാനം(ജി.എസ്.ടി നഷ്ടപരിഹാരം ഉൾപ്പെടെ)

2017- 42176കോടി രൂപ

2018 -46460കോടി

2019 -50644കോടി

2020- 50323കോടി

2021 -47672കോടി


5 ചോദ്യവുയി എൻ.കെ. പ്രേമചന്ദ്രൻ


തിരുവനന്തപുരം: അഞ്ചു ചോദ്യവുമായി എൻ.കെ.പ്രേമചന്ദ്രൻ എം.പി ഇന്നലെ വീണ്ടും രംഗത്തെത്തി.

1. ഇന്റഗ്രേറ്റഡ് ജി.എസ്.ടിയിൽ അർഹമായത് കിട്ടിയിട്ടുണ്ടോ

2. കിട്ടിയില്ലെങ്കിൽ കാരണമെന്ത്

3. ഐ. ജി.എസ്.ടിയിൽ 5000കോടി നഷ്ടമായെന്ന റിപ്പോർട്ടുണ്ടോ

4. ഓഡിറ്റ് റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയിട്ടുണ്ടോ

5. റിപ്പോർട്ട് സഭയിൽ വയ്ക്കാത്തതെന്താണ്


കേന്ദ്രവും കേരളവും തമ്മിൽ ജി.എസ്.ടി വിഹിതത്തിൽ തർക്കമില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമുണ്ട്. നിയമാനുസരണം കേന്ദ്രത്തിന് അക്കൗണ്ടന്റ് ജനറൽ സാക്ഷ്യപ്പെടുത്തിയ കണക്കുകൾ സംസ്ഥാനം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവുകൾ പുറത്തുവിടുകയാണ് ചെയ്യേണ്ടിയിരുന്നത്. ധനമന്ത്രി സമ്മതിക്കുന്ന പ്രകാരം 750 കോടി രൂപ കുടിശ്ശിക ഉണ്ടെങ്കിൽ അതു വാങ്ങി പെട്രോൾഡീസൽ സെസ്സിൽ നിന്നു ജനങ്ങളെ ഒഴിവാക്കണം. ഇത് സംബന്ധിച്ച് വ്യക്തമായ ചോദ്യമാണ് ലോക്‌സഭയിൽ ഉന്നയിച്ചതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Advertisement
Advertisement