സ്ഥിരംതസ്തിക വേണമെന്ന് ഓപ്പൺ യൂണിവേഴ്സിറ്റി #കരാർ അദ്ധ്യാപകർ കൊഴിയുന്നു

Wednesday 15 February 2023 1:20 AM IST

കൊല്ലം: കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിച്ച അദ്ധ്യാപകർ കൊഴിഞ്ഞുപോകുന്നതിനാൽ സ്ഥിരം അദ്ധ്യാപക തസ്തിക വേണമെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. നിലവിലുള്ളതിനും പുതിയ കോഴ്സിനുമായി

70 സ്ഥിരം അദ്ധ്യാപക തസ്തികകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

38000 രൂപ പ്രതിമാസ ശമ്പളത്തിൽ 46 കരാർ അദ്ധ്യാപക തസ്തികകളാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. രണ്ട് വർഷത്തിനിടെ നിയമിച്ചവരിൽ നിരവധി പേർ കേരളത്തിന് പുറത്തും സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിലും ജോലി ലഭിച്ചതോടെ കൊഴിഞ്ഞുപോയി. ഇത് അദ്ധ്യയനത്തെ ബാധിക്കുന്നുണ്ട്. മറ്റ് സർവകലാശാലകൾ നടത്തുന്ന കൂടുതൽ വിദൂര കോഴ്സുകൾ ആരംഭിക്കാൻ 25 ഓളം അദ്ധ്യാപക തസ്തിക കരാർ അടിസ്ഥാനത്തിലെങ്കിലും അനുവദിക്കണമെന്ന് മൂന്ന് മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. അത് അനുവദിക്കാത്തതിനാൽ ഈ കോഴ്സുകൾക്കുള്ള പ്രാഥമിക നടപടികൾ തുടങ്ങിയിട്ടില്ല.

പരീക്ഷ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കാൻ അനദ്ധ്യാപക തസ്തികകളിൽ 40

എണ്ണമെങ്കിലും സ്ഥിരമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 62 താത്ക്കാലിക തസ്തികകളാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.

പുതിയ കോഴ്സുകൾ ജൂണിൽ

യു.ജി.സി അംഗീകാരം പ്രതീക്ഷിക്കുന്ന മാനവിക വിഷയങ്ങളിലെ പത്ത് കോഴ്സുകൾ ജൂണിൽ ആരംഭിക്കാനേ സാദ്ധ്യതയുള്ളു. അനുമതി ലഭിക്കുന്ന മുറയ്ക്ക് ക്ളാസ് ആരംഭിച്ചാൽ വിദ്യാർത്ഥികളെ ലഭിക്കുമെന്ന് ഉറപ്പില്ല. പ്ലസ് ടു, ബിരുദ ഫലങ്ങൾ വരുന്നതിന് പിന്നാലെയുള്ള അക്കാദമിക് വർഷത്തിൽ കോഴ്സുകൾ തുടങ്ങാനാണ് ആലോചന.