ടൈഫോയ്ഡ് വാക്‌സിൻ പൂഴ്ത്തിയാൽ നടപടി

Wednesday 15 February 2023 4:20 AM IST

 കേരളകൗമുദി വാർത്തയെ തുടർന്ന് മന്ത്രിയുടെ നിർദ്ദേശം

 കാരുണ്യ വഴിയും ലഭ്യമാക്കും

തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി ടൈഫോയ്ഡ് വാക്‌സിൻ നിർബന്ധമായതോടെ 200 രൂപാ മാത്രം വിലയുള്ള പോളിസാക്കറൈഡ് വാക്‌സിൻ പൂഴ്ത്തിവച്ച് 2000 രൂപയുടെ കോൻജുഗേറ്റ് വാക്‌സിൻ വിറ്റഴിക്കുന്ന മരുന്ന് വില്പനശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശം. ഡ്രഗ്സ് കൺട്രോളർക്കാണ് നിർദ്ദേശം നൽകിയത്. പോളിസാക്കറൈഡ് വാക്‌സിൻ കാരുണ്യ ഫാർമസികൾ വഴി വിലകുറച്ച് വിതരണം ചെയ്യാനും തീരുമാനം. ഇക്കാര്യം കേരളകൗമുദി ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടി.

പോളിസാക്കറൈഡ് വാക്സിൻ സ്റ്റോക്ക് ചെയ്യാൻ മരുന്ന് വില്പനശാല ഉടമകളുടെ സംഘടനകൾക്ക് ഡ്രഗ്സ് കൺട്രോളർ പി.എം.ജയൻ നിർദ്ദേശം നൽകി. ഇക്കാര്യം ഉറപ്പാക്കാൻ ഡ്രഗ് ഇൻസ്‌പെക്ടർമാരെ ചുമതലപ്പെടുത്തി. ടൈഫോയ്ഡ് വാക്സിൻ പരമാവധി വിലകുറച്ച് കാരുണ്യ വഴി ലഭ്യമാക്കാൻ മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ഹെൽത്ത് കാർഡ്:

തീയതി നീട്ടി

ഹെൽത്ത് കാർഡ് എടുക്കാൻ ഈ മാസം 28 വരെ സാവകാശം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 60 ശതമാനത്തോളം ഹോട്ടൽ ജീവനക്കാർ കാർഡ് എടുത്തു കഴിഞ്ഞു.