ന്യായവില വർദ്ധനയ്ക്ക് മുമ്പ്, ആധാരം രജിസ്ട്രഷന് തിരക്കേറുന്നു

Wednesday 15 February 2023 12:46 AM IST

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില വർദ്ധന നടപ്പാവുന്ന ഏപ്രിൽ ഒന്നിന് മുമ്പ് ആധാരം രജിസ്റ്റർ ചെയ്യാൻ തിരക്കേറി.ഇതോടെ, രജിസ്ട്രേഷൻ വകുപ്പിന്റെ സെർവർ

മന്ദഗതിയിലായത്, കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിച്ചു.

അതേ സമയം,സെർവറിൽ ചില പരിഷ്കാരങ്ങൾ വരുത്താനുള്ള ജോലികൾ കാരണമാണ് വേഗത കുറഞ്ഞതെന്നും ,ഇത് പരിഹരിച്ചെന്നും അധികൃതർ അറിയിച്ചു. 5939 ആധാരങ്ങളാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ആകെ ലഭിച്ചത്. 4188 എണ്ണം രജിസ്റ്റർ ചെയ്തു. 22.61 കോടിയായിരുന്നു അന്നത്തെ വരുമാനം.

ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ബഡ്ജറ്റിൽ കൂട്ടിയത്. ഇതിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്ട്രേഷൻ ഫീസും കൂടും. വസ്തു പണയപ്പെടുത്താനുള്ള ഇ ഗഹാൻ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷൻ, ആധാര പകർപ്പ്, ചിട്ടി രജിസ്ട്രേഷൻ തുടങ്ങിയ ഇടപാടുകളും നിരക്ക് വർദ്ധനയുടെ പേരിൽ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലായി ശരാശരി 4000ത്തോളം ആധാരം രജിസ്ട്രേഷനാണ് ഒരു ദിവസം നടക്കുക. നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ 3800 കോടിയിലേറെയാണ് രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം.

5000കോടി

നടപ്പു സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വരുമാനം

4246 കോടി

ജനുവരി 30 വരെ കിട്ടിയത്

315

സബ് രജിസ്ട്രാർ ഓഫീസുകൾ

വെണ്ടർമാർക്ക്

ഇ- സ്റ്റാമ്പ് വിൽക്കാം

ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് പകരം ഇ -സ്റ്റാമ്പ് വില്പന നടത്താൻ ഏപ്രിൽ ഒന്നു മുതൽ വെണ്ടർമാർക്ക് അനുമതി നൽകി ഉത്തരവായി. ആധാരം രജിസ്ട്രേഷൻ പൂർണ്ണമായി ഇ സ്റ്റാമ്പ് സംവിധാനത്തിലേക്ക് മാറുമ്പോൾ സംസ്ഥാനത്തെ 1200 ഓളം വെണ്ടർമാരുടെ തൊഴിൽ നഷ്ടമാവുന്നത് ഒഴിവാക്കാനാണിത്.

ഒരു ലക്ഷത്തിന് മുകളിലുള്ള രജിസ്ട്രേഷൻ 2017 മുതൽ ഓൺലൈനാക്കിയിരുന്നു. ട്രഷറിയിൽ പണമടച്ച് ടോക്കൺ എടുക്കുന്ന മുറയ്ക്ക് ആധാരം രജിസ്റ്റർ ചെയ്യാം. മുദ്രപ്പത്രം സ്റ്റോക്കുള്ള വെണ്ടർമാർക്ക് അത് തീരും വരെ ഉപയോഗിക്കാം. തുടർന്ന് അവർക്ക് ഒരു ലക്ഷം രൂപ വരെ തുകയ്ക്ക് അനുസരിച്ചുള്ള ഇ- സ്റ്റാമ്പ് ഡൗൺലോഡ് ചെയ്യാം.