കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ്
Wednesday 15 February 2023 12:48 AM IST
കുന്ദമംഗലം: കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് വേണ്ടി പുതുതായി വാങ്ങിയ ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച 7,41,481 രൂപ വിനിയോഗിച്ചാണ് വാഹനം ലഭ്യമാക്കിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് നേരത്തെ എം.എൽ.എയുടെ ഫണ്ടിൽ നിന്നും ഒരു ആംബുലൻസ് അനുവദിച്ചിരുന്നു. അത് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു വരികയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.കെ.സി നൗഷാദ്, കെ.സുരേഷ്ബാബു, സി.എം ബൈജു എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ സ്വാഗതവും ഡോ. കെ.വി സിബി നന്ദിയും പറഞ്ഞു.