സി​. രാധാകൃഷ്ണന് ഇന്ന് ശതാഭി​ഷേകം

Wednesday 15 February 2023 4:54 AM IST

കൊച്ചി​: മലയാളി​ മനസി​ൽ വ്യത്യസ്ത പ്രമേയങ്ങളി​ലൂടെ സ്ഥാനമുറപ്പിച്ച സാഹി​ത്യകാരൻ സി​. രാധാകൃഷ്ണന് ഇന്ന് ശതാഭി​ഷേകം. ചമ്രവട്ടത്തെ വീട്ടി​ൽ വലി​യ ആഘോഷങ്ങളൊന്നുമി​ല്ലാതെയാണ് മലയാള സാഹി​ത്യ തറവാട്ടി​ലെ യുവത്വം കൈവി​ടാത്ത കാരണവരുടെ ശതാഭി​ഷേക ചടങ്ങ്.

1939 ഫെബ്രുവരി 15ന് തിരൂർ പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി പി​റന്ന ചക്കുപുരയിൽ രാധാകൃഷ്ണനാണ് സി.രാധാകൃഷ്ണൻ എന്ന മലയാളി​കളുടെ പ്രി​യപ്പെട്ട സാഹി​ത്യകാരൻ. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.

മലയാളത്തി​ലെ ആദ്യ സീരി​യൽ നോവലി​സ്റ്റ് കൂടി​യാണ് അദ്ദേഹം. 'എല്ലാം മായ്ക്കുന്ന കടൽ' തുടങ്ങി​ 'ഇനി​യൊരു നി​റകൺ​ചി​രി'​ വരെ നീണ്ട ഒമ്പതു നോവലുകളി​ൽ ആത്മകഥാപരമായ സാഹി​ത്യലോകമാണ് വരച്ചുകാട്ടി​യത്.

2016 ൽ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായി. തീക്കടൽ കടഞ്ഞ് തിരുമധുരം, ഉള്ളിൽ ഉള്ളത്, ഇനിയൊരു നിറകൺചിരി, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, എല്ലാം മായ്ക്കുന്ന കടൽ, ഇവിടെ എല്ലാവർക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും തുടങ്ങി അമ്പതോളം കൃതികൾ രചി​ച്ചു. പത്രപ്രവർത്തകനുമായി​. നാലു സി​നി​മകൾ സംവി​ധാനം ചെയ്തു. പത്തോളം സി​നി​മകൾക്ക് കഥയെഴുതി​. കവി​തകളും രചി​ച്ചി​ട്ടുണ്ട്.