രണ്ടു ജീവനെടുത്ത കടുവയെ കുടുക്കി,​ ഓപ്പറേഷന് 100 വനപാലകർ 8 ടീമുകൾ

Wednesday 15 February 2023 4:56 AM IST

കൽപ്പറ്റ: കേരള-കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ രണ്ടു പേരുടെ ജീവനെടുത്ത നരഭോജി കടുവയെ വനംവകുപ്പ് കുടുക്കി. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ദ്ധ പരിശോധനയ്ക്കായി മൈസൂർ കൂർഗള്ളിയിലേക്കു മാറ്റി. കുട്ട ചൂരിക്കാട് കാപ്പിതോട്ടത്തിൽ ബന്ധുകളായ ചേതൻ (18), രാജു (65) എന്നിവരെയാണ് രണ്ടു ദിവസങ്ങളിലായി കടുവ ആക്രമിച്ചുകൊന്നത്. ഇരുവരും ആക്രമിക്കപ്പെട്ടിടത്തുനിന്ന് കുറച്ചകലെ നാനാച്ചി ഗേറ്റിനു സമീപത്തുവച്ചാണ് കടുവയെ ഇന്നലെ വൈകിട്ടോടെ മയക്കുവെടിവച്ച് കൂട്ടിലടച്ചത്.

കാപ്പിത്തോട്ട പരിസരത്ത് കോമ്പിംഗ് ഓപ്പറേഷൻ നടത്തിയാണ് കടുവയെ പിടിച്ചത്. ഇതിനായി നൂറിലേറെ വനപാലകരും ഷാർപ്പ് ഷൂട്ടർമാരും ഡോക്ടർമാരുമടങ്ങുന്ന എട്ട് ടീമുകൾ രൂപീകരിച്ചായിരുന്നു ഓപ്പറേഷൻ.

24 മണിക്കൂറിനിടെ നടന്ന ഈ രണ്ടു മരണത്തിലും വൻ പ്രതിഷേധമുയർന്നിരുന്നു. ഗോണിക്കുപ്പ മാനന്തവാടി അന്തർ സംസ്ഥാന പാത നാട്ടുകാർ ഉപരോധിക്കുകയും ചെയ്തു. മൃതദേഹം കാപ്പിത്തോട്ടത്തിൽ നിന്ന് ആശുപത്രിയിലേക്കു മാറ്റാൻ അനുവദിക്കാതെ നാട്ടുകാരും മരിച്ചവരുടെ ബന്ധുകളും പ്രതിരോധിച്ചു. കടുവയെ പിടികൂടുമെന്ന കൂ‌ർഗ് എം.എൽ.എ എ.കെ.ജി ബാപ്പയുടെ ഉറപ്പിൻമേലാണ് ആശുപത്രിയിലേക്കു മൃതദേഹങ്ങൾ മാറ്റാനായത്.