സുരക്ഷയുടെ പേരിൽ വഴിതടയൽ: കേസെടുത്തു

Wednesday 15 February 2023 12:57 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സുരക്ഷ ഒരുക്കുന്നതിന്റെ പേരിൽ കുഞ്ഞിന് മരുന്നു വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ ആളെ തടഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു. കോട്ടയം തിരുവഞ്ചൂർ സ്വദേശി എസ്.ശരത്തിനാണ് ഞായറാഴ്ച വൈകിട്ട് കാലടി മറ്റൂർ ജംഗ്ഷനിൽ വച്ച് കാലടി എസ്.ഐ ജി.സതീശനിൽ നിന്ന് മോശം അനുഭവമുണ്ടായത്. മുഖ്യമന്ത്രിക്കും ശരത് പരാതി നൽകിയിട്ടുണ്ട്.