ലക്ഷ്യം ₹9,000 കോടി: സഹകരണ നിക്ഷേപയജ്ഞം ഇന്നുമുതൽ

Wednesday 15 February 2023 3:25 AM IST

തിരുവനന്തപുരം: സഹകരണബാങ്കുകളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സഹകരണ നിക്ഷേപ സമാഹരണയജ്ഞം ഇന്നുമുതൽ മാർച്ച് 31വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം 20ന് മലപ്പുറം ടൗൺഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.

സഹകരണനിക്ഷേപം കേരളവികസനത്തിന് എന്ന ആശയവുമായി നടത്തുന്ന യജ്ഞത്തിലൂടെ ഉന്നമിടുന്നത് 9,000 കോടി രൂപയുടെ സമാഹരണമാണ്.

സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് 150 കോടി രൂപയും കേരളബാങ്ക് 1,750 കോടി രൂപയും പ്രാഥമിക സഹകരണ സംഘങ്ങൾ, അർബൻ ബാങ്കുകൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, നിക്ഷേപം സ്വീകരിക്കുന്ന വായ്‌പേതര സംഘങ്ങൾ തുടങ്ങിയവ 7,250 കോടിയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മൊത്തം നിക്ഷേപത്തിന്റെ 30ശതമാനം കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളിലാകണം.

യുവാക്കളെ സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കാൻ പ്രത്യേക പ്രചാരണ പരിപാടികളുമുണ്ടാകും. മുതിർന്ന പൗരന്മാർക്ക് അധിക പലിശ നൽകും. സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കും.

Advertisement
Advertisement