കവിയൂരിന്റെ കായികസ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി ടർഫ് സ്റ്റേഡിയം

Wednesday 15 February 2023 12:59 AM IST
കവിയൂർ പടിഞ്ഞാറ്റുശ്ശേരിയിലെ ടർഫ് സ്റ്റേഡിയമാക്കി ഉയർത്തുന്ന മൈതാനം

തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ടർഫാക്കി ഉയർത്തുന്നതിനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞമാസം പി.ടി.ഉഷ എം.പിയുടെ ഫണ്ടിൽ നിന്ന് സ്റ്റേഡിയത്തിന്റെ വികസനത്തിന് ആദ്യഗഡുവായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. 1.10 കോടി രൂപയുടെ പ്രോജക്ട് ആണ് പഞ്ചായത്ത് അധികൃതർ എം.പിക്ക് സമർപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഗാന്ധി പ്രതിമ ഉദ്ഘാടനം ചെയ്യുവാൻ കവിയൂരിൽ പി.ടി.ഉഷ എത്തിയിരുന്നു. ഈ അവസരത്തിൽ സ്റ്റേഡിയത്തിന്റെ വികസനം ഉന്നയിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, പി.ടി.ഉഷയ്ക്ക് നിവേദനം നൽകി. ഇതേതുടർന്നാണ് തുക അനുവദിച്ചത്. പഞ്ചായത്തിലെ സ്റ്റേഡിയം കാലങ്ങളായി വികസനമൊന്നും ഇല്ലാതെ കിടക്കുകയാണ്. പഞ്ചായത്തിലെ 13 -ാം വാർഡിലെ പടിഞ്ഞാറ്റുശ്ശേരിയിലുള്ള സ്റ്റേഡിയത്തിന് 51 സെൻറ് സ്ഥലമാണുള്ളത്. സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രാഥമിക ജോലികൾ തുടങ്ങുന്നതോടെ അടുത്തഘട്ടമായി 30 ലക്ഷം രൂപകൂടി അനുവദിക്കാമെന്ന് പി.ടി.ഉഷ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം കാലതാമസം കൂടാതെ പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.

കുതിക്കാം ടർഫിൽ തിരുവല്ലയിലെ സാധാരണക്കാരായ കായിക വിദ്യാർത്ഥികൾക്ക് ഇപ്പോഴും സൗകര്യങ്ങളില്ലാത്ത പഴയ സ്റ്റേഡിയങ്ങൾ മാത്രമാണ് ശരണം. തിരുവല്ലയുടെ സമീപ പ്രദേശങ്ങളിലെങ്ങും പഞ്ചായത്തിന്റെയോ നഗരസഭയുടെയോ ഉടമസ്ഥതയിൽ ടർഫ് സ്റ്റേഡിയം നിലവിലില്ല. ഉന്നത നിലവാരത്തിലുള്ള സ്വകാര്യ സ്റ്റേഡിയങ്ങൾ വാടക നൽകിയാണ് ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. ഈ സാഹചര്യത്തിൽ കവിയൂർ പഞ്ചായത്തിലെ സ്റ്റേഡിയത്തിന്റെ നിലവാരം ഉയർത്തി നിർമ്മിക്കുന്നത് കായികപ്രേമികൾക്ക് മുതൽക്കൂട്ടാകും.