250 എയർബസ് വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ

Wednesday 15 February 2023 3:25 AM IST

 നിർണായക ചുവടുമായി എയ‌ർ ഇന്ത്യ

ന്യൂഡൽഹി: ഫ്രഞ്ച് വിമാനനിർമ്മാണക്കമ്പനിയായ എയർബസിൽ നിന്ന് 250 പുത്തൻ വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ തുടങ്ങിയവരും സംബന്ധിച്ച ഓൺലൈൻ യോഗത്തിൽ ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എയർബസുമായി കഴിഞ്ഞയാഴ്‌ച കരാറൊപ്പിട്ടെന്നാണ് സൂചന. കരാർതുക അദ്ദേഹം വെളിപ്പെടുത്തിയില്ല. 40 വൈഡ്-ബോഡി എ350ശ്രേണി വിമാനങ്ങളും 210 നാരോ-ബോഡി വിമാനങ്ങളുമാണ് എയർബസിൽ നിന്ന് വാങ്ങുക. എയർബസ്, ബോയിംഗ് എന്നിവയിൽ നിന്ന് 10,000 കോടി ഡോളർ (ഏകദേശം 8.2 ലക്ഷം കോടി രൂപ) വിലമതിക്കുന്ന 500 പുത്തൻ വിമാനങ്ങൾ എയർഇന്ത്യ വാങ്ങുമെന്ന് കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. യഥാർത്ഥ്യമായാൽ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഓർഡറായിരിക്കും ഇത്. ഒരു ദശാബ്ദം മുമ്പ് അമേരിക്കൻ എയർലൈൻസ് ഒറ്റ ഓർഡറായി 460 വിമാനങ്ങൾ വാങ്ങിയതാണ് റെക്കാഡ്.

16 വർഷങ്ങൾക്ക് ശേഷം

പുതിയ വിമാനം

എയർ ഇന്ത്യ ഇതിനുമുമ്പൊരു പുത്തൻ വിമാനം വാങ്ങിയത് 16 വർഷങ്ങൾക്ക് മുമ്പാണ്. 1,080 കോടി ഡോളറിന് 111 വിമാനങ്ങൾക്കായിരുന്നു അന്ന് കരാർ.

വലിയലക്ഷ്യങ്ങൾ

വൈഡ്-ബോഡി വിമാനങ്ങൾ വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ പുതിയ ദീർഘദൂര റൂട്ടുകളിലേക്കും നാരോ-ബോഡി വിമാനങ്ങൾ ആഭ്യന്തരസർവീസുകൾക്കും ഉപയോഗിക്കാനാണ് എയർഇന്ത്യ ഉദ്ദേശിക്കുന്നത്. വിപണിവിഹിതം അടുത്ത അഞ്ചുവർഷത്തിനകം 30 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.

 കഴിഞ്ഞവർഷം ജനുവരിയിലാണ് കേന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് എയർഇന്ത്യയെ ടാറ്റ സ്വന്തമാക്കിയത്.

 ന്യൂസിലൻഡ് സ്വദേശിയായ കാംബെൽ വിൽസണാണ് എയർഇന്ത്യ സി.ഇ.ഒ