കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന മികവ്, പത്തനംതിട്ട ഡിപ്പോ മുന്നിൽ

Wednesday 15 February 2023 12:01 AM IST
ഏറ്റവും മികച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ള അവാർഡ് ഗതാഗത മന്ത്രി ആന്റണി രാജുവിൽ നിന്ന് പത്തനംതിട്ട ഡി.ടി.ഒ തോമസ് മാത്യു ഏറ്റുവാങ്ങുന്നു

പത്തനംതിട്ട : വരുമാന വർദ്ധനവിലും സർവീസുകളുടെ കാര്യക്ഷമമായ നടത്തിപ്പിലും സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഒന്നാംസ്ഥാനം പത്തനംതിട്ടയ്ക്ക്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജുവിൽ നിന്ന് പത്തനംതിട്ട ഡി.ടി.ഒ തോമസ് മാത്യു അവാർഡ് ഏറ്റുവാങ്ങി. ചീഫ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറും പങ്കെടുത്തു.

കഴിഞ്ഞ ആറുമാസത്തെ പ്രവർത്തനം അവലോകനം ചെയ്താണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഒരു മാസം ശരാശരി മൂന്നര കോടി രൂപയുടെ വരുമാനമാണ് പത്തനംതിട്ടയ്ക്ക് ലഭിക്കുന്നത്. ഒരു ദിവസം ശരാശരി 10ലക്ഷം രൂപയെന്ന ടാർജറ്റ് മറികടന്നു. പുതിയ ടാർജറ്റ് അടുത്തയാഴ്ച ലഭിക്കും.

സർവീസ് കൃത്യസമയത്ത് ഒാപ്പറേറ്റ് ചെയ്യുന്നത് ഡിപ്പോയുടെ നേട്ടമായെന്ന് ഡി.ടി.ഒ തോമസ് മാത്യു പറഞ്ഞു. ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർവീസുകൾ മുടങ്ങുന്നില്ല. ശബരിമല സർവീസുകൾ പരാതികളില്ലാതെ നടത്തി. ഡിപ്പോയിൽ 67 ബസുകളും 60 സർവീസുകളുമുണ്ട്. വരുമാനത്തിൽ ഏറ്റവും കൂടുതൽ ലഭിക്കുന്നത് കോയമ്പത്തൂർ സർവീസിൽ നിന്നാണ്. കൂടുതൽ ബസുകൾ കിട്ടിയാൽ പുനലൂർ, ചെങ്ങന്നൂർ ചെയിൻ സർവീസുകൾ തുടങ്ങും. താൽക്കാലിക ജീവനക്കാരെയും നിയമിക്കും. തിരുനെല്ലി സർവീസ് കൊവിഡിനു ശേഷം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അവാർഡ് ഏറ്റുവാങ്ങിയ ചടങ്ങിൽ പത്തനംതിട്ട ഡിപ്പോ ഒാഫീസർമാരായ ബൈജു, കെ.കെ.ബിജി, ബിനോജ് തുടങ്ങിയവർ ഡി.ടി.ഒയ്ക്ക് ഒപ്പമുണ്ടായിരുന്നു.

'' അവാർഡ് ജീവനക്കാർക്ക് സമർപ്പിക്കുന്നു. പുതിയ ടാർജറ്റിലേക്ക് എത്താൻ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകും.

തോമസ് മാത്യു, ഡി.ടി.ഒ

ഒരു മാസം ശരാശരി 3.5 കോടി രൂപ വരുമാനം,

67 ബസുകൾ, 60 സർവീസുകൾ