നിയന്ത്രണംവിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു നിറുത്തി

Wednesday 15 February 2023 12:07 AM IST

റാന്നി : പെരുനാട് മഠത്തുംമൂഴിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചുനിറുത്തിയതിനാൽ അപകടം ഒഴിവായി. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലമാണ് ദുരന്തം ഒഴിവായത്. കുത്തിറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുന്നതായി മനസിലാക്കിയ ഡ്രൈവർ സ്കൂളിന്റെ തന്നെ മതിലിൽ ഇടിച്ചു വാഹനം നിറുത്തുകയായിരുന്നു. പെരുനാട് ബഥനി ആശ്രമം ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുമായി ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പുറപ്പെടുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. വലതുവശത്തെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ബസ് നിയന്ത്രിച്ചു നിറുത്തുകയായിരുന്നു. വാഹനത്തിന്റെ സ്റ്റീയറിംഗിനും സീറ്റിനും ഇടയിൽ കാൽ ഞെരുങ്ങി ഡ്രൈവർ അത്തിക്കയം ചിറപ്പറമ്പിൽ സാൻവിക്ക് നിസാരപരിക്കേറ്റു. ഡ്രൈവറെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.