മുഖ്യമന്ത്രിയുടെ സുരക്ഷ കുറയ്ക്കില്ല

Wednesday 15 February 2023 4:02 AM IST

■യാത്രകളിൽ 28 കമാൻഡോകളടക്കം 40 പൊലീസുകാർ

തിരുവനന്തപുരം: എത്ര വിമർശനമുണ്ടായാലും മുഖ്യമന്ത്രിയുടെ ഇസ‍ഡ്-പ്ലസ് സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ടെന്ന് പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം. പ്രതിപക്ഷത്തിന്റെ

പ്രതിഷേധങ്ങൾക്ക് പുറമെ, മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്താണിത്.

കഴിഞ്ഞദിവസം കൊച്ചിയിൽ കുഞ്ഞിന് മരുന്നുവാങ്ങാൻ പോയ പിതാവിനെവരെ സുരക്ഷയുടെ പേരിൽ പൊലീസ് തടഞ്ഞത് വിവാദമായിട്ടും, ഇന്നലെ മാസ്കോട്ട് ഹോട്ടലിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് മുഖ്യമന്ത്രിയെത്തിയതിന്റെ പേരിൽ അരമണിക്കൂറോളം റോഡ് അടച്ചിട്ട് വാഹന, കാൽനട യാത്രക്കാരെ തടഞ്ഞു. കരിങ്കൊടി പ്രതിഷേധം ഭയന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.

28 കമാൻഡോകളടക്കം 40 പൊലീസുകാർ മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവും. മുന്നിലെ വാഹനത്തിൽ 5 പേർ. രണ്ട് കമാൻഡോ വാഹനങ്ങളിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ 8 പേർ, സ്ട്രൈക്കർ ഫോഴ്സ്, ബോംബ്, ഡോഗ് സ്ക്വാഡ്, ആംബുലൻസ്. പൈലറ്റും 2 എസ്‌കോർട്ടും സ്പെയർ കാറും പുറമേ. മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മസേനയെയും എസ്.ഐ.എസ്.എഫിനെയും വിന്യസിക്കും. പ്രദേശത്തെ എസ്.പി, സ്പെഷ്യൽബ്രാഞ്ച്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 ഡിവൈ.എസ്.പിമാർ, സമീപ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ അടക്കം മറ്റൊരു 40 പൊലീസുകാർ കൂടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ചേരും. ഇതോടെ

16 വാഹനങ്ങൾ. ചടങ്ങ് നടക്കുന്നിടത്ത് ഫയർഫോഴ്സ് വാഹനങ്ങളും മെഡിക്കൽ സംഘവും.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിലും യാത്രകളിലും 200 മീ​റ്റർ അകലത്തിൽ പൊതുജനങ്ങളെ മാ​റ്റി നിറുത്തും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുമ്പോൾ, പ്രധാന വീഥിയിലേക്കുള്ള ചെറു റോഡുകളടക്കം അടയ്ക്കും. അര മണിക്കൂർ മുൻപേ വഴിയുടെ ഇരുവശത്തും പൊലീസിനെ വിന്യസിക്കും. വാഹന പാർക്കിംഗ് തടയും. 15മിനിറ്റ് മുൻപ് മറ്റ് വാഹനങ്ങളെ തടഞ്ഞിടും. 2 മണിക്കൂർ മുൻപ് മുഖ്യമന്ത്രിയുടെ വേദിയും ചടങ്ങ് നടക്കുന്ന സ്ഥലവും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കും.

തലസ്ഥാനത്ത്

പൊലീസ് മതിൽ

മുഖ്യമന്ത്രി തലസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ പത്തു മീറ്റർ ഇടവിട്ട് പൊലീസിനെ നിയോഗിക്കും. ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലും സുരക്ഷയൊരുക്കാൻ സായുധ ബറ്റാലിയനുകൾ, ലോക്കൽ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകർമ്മസേന എന്നിങ്ങനെ അഞ്ഞൂറോളം പൊലീസുകാർ. സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേക സുരക്ഷാമേഖലകളാക്കി. എസ്.പി റാങ്കുള്ള ഡെപ്യൂട്ടി കമ്മിഷണർക്ക് ചുമതല.

ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണം.

ഉമ്മൻചാണ്ടി

ഇങ്ങനെ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇസഡ് കാ​റ്റഗറി സുരക്ഷയ്ക്ക് പൊലീസ് ശുപാർശ ചെയ്തിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് അദ്ദേഹം അതൊഴിവാക്കി. കണ്ണൂരിലെ പൊതു പരിപാടിക്കിടയിൽ ഉമ്മൻചാണ്ടിക്കു നേരേ നടന്ന കല്ലേറിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.